ഇന്ത്യന് പ്രിമിയര് ലീഗില് ഇതിഹാസ താരം എം എസ് ധോണിയുടെ ഭാവിയാണ് എക്കാലത്തും ചര്ച്ചാവിഷയം. ചെന്നൈ സൂപ്പര് കിങ്സിന്റെ മുന് ക്യാപ്റ്റനായ താരം അണ്ക്യാപ്ഡ് പ്ലേയറായാണ് ഇത്തവണ ഐപിഎല്ലില് ഇറങ്ങുന്നത്. 43കാരനായ ധോണിയുടെ അവസാന ഐപിഎല് സീസണായിരിക്കും ഇതെന്നും അഭ്യൂഹങ്ങളുണ്ട്.
എന്നാല് ഐപിഎല്ലില് തന്റെ ഭാവിയെ കുറിച്ച് ഇപ്പോള് നിര്ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ധോണി. താന് ആഗ്രഹിക്കുന്ന കാലത്തോളം തന്നെ കളിപ്പിക്കാന് സിഎസ്കെ തയ്യാറാവുമെന്നാണ് ഇന്ത്യയുടെ മുന് നായകന് പറയുന്നത്. ഐപിഎല്ലില് മുംബൈ ഇന്ത്യന്സിനെ നേരിടാനിരിക്കെ ധോണി പറഞ്ഞ വാക്കുകളാണ് ഇപ്പോള് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
'ചെന്നൈ സൂപ്പര് കിങ്സിന് വേണ്ടി ഞാന് ആഗ്രഹിക്കുന്ന അത്രയും കാലം എനിക്ക് കളിക്കാന് കഴിയും. അതാണ് എന്റെ ടീം. ഇപ്പോള് ഞാന് വീല്ചെയറിലാണെങ്കില് പോലും എന്നെ കളിപ്പിക്കാന് ചെന്നൈ തയ്യാറാകും', ജിയോ ഹോട്ട്സ്റ്റാറിന് നല്കിയ അഭിമുഖത്തില് ധോണി പറഞ്ഞു.
“I can play for as long as I want for CSK. That's my franchise. Even if I'm in a wheelchair, they'll drag me” - MS Dhoni in JioHotstar interview. pic.twitter.com/yXGLEXotFf
അതേസമയം ഐപിഎല്ലിന്റെ നിത്യഹരിതനായകന് ധോണി ഒരു വര്ഷത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകര്. ഇന്ത്യന് പ്രീമിയര് ലീഗില് ചിരവൈരികളായ മുംബൈ ഇന്ത്യന്സിനെ നേരിടാനൊരുങ്ങുകയാണ് ധോണിയും സംഘവും. ഐപിഎല് ആരാധകര് ഏറ്റവും കൂടുതല് കാത്തിരിക്കുന്ന ഗ്ലാമര് പോരാട്ടത്തിനാണ് ചെന്നൈയില് കളമൊരുങ്ങുന്നത്.
ചെന്നൈയുടെ തട്ടകമായ എം എ ചിദംബരം സ്റ്റേഡിയത്തില് വൈകിട്ട് 7.30നാണ് ആവേശപ്പോരാട്ടം. ഐപിഎല്ലില് ഏറ്റവും കൂടുതല് ചാംപ്യന്മാരായിട്ടുള്ള രണ്ട് കരുത്തരായ ടീമുകള് മുഖാമുഖം എത്തുമ്പോള് ചെപ്പോക്കില് തീപാറുമെന്നുറപ്പാണ്. കഴിഞ്ഞ ഐപിഎല്ലില് പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈയും മുംബൈയും ഇത്തവണ ആറാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.
Content Highlights: “Can play for CSK as long as I want!”, MS Dhoni on IPL future