ഇംപാക്ടില്ലെന്ന് ആരാ പറഞ്ഞത്? ഹിറ്റ്മാന്റെ കുറ്റി തെറിപ്പിച്ച സിറാജിന്റെ പ്രതികാരം

നേരത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് സിറാജിനെ ടീം ഇന്ത്യ മാറ്റിനിർത്തിയിരുന്നു. ആ സമയത്ത് അത് ചർച്ചയാവുകയും ചെയ്തു.

ഐ പി എല്ലിലെ കഴിഞ്ഞ ദിവസത്തെ മുംബൈ ഇന്ത്യന്‍സ്- ​ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിലെ ഏറ്റവും ആവേശം നിറ‍ഞ്ഞ നിമിഷങ്ങളിലൊന്നായാരുന്നു രോഹിത് ശർമയുടെ കുറ്റി തെറിപ്പിച്ച മുഹമ്മദ് സിറാജിന്റെ പന്ത്. ​ഗുജറാത്ത് ഉയർത്തിയ 196 റണ്‍സ് ചേസ് ചെയ്യാനിറങ്ങിയ മുംബൈയ്ക്ക് ഓപണറായി ഇറങ്ങിയ രോഹിത് ശര്‍മ രണ്ട് ബൗണ്ടറികളോടെ തുടക്കത്തിലേ ആക്രമിച്ചു കളിച്ചെങ്കിലും പിന്നീട് സിറാജിന്റെ മനോഹരമായ ഒരു പന്തിൽ ക്ലീൻ ബോൾഡാവുകയായിരുന്നു.

സ്റ്റംപിലേക്ക് സ്വിങ് ചെയ്‌തെത്തിയ പന്തിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹിറ്റ്മാന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് സിറാജിന്റെ പന്ത് മിഡില്‍ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി രോഹിത്തിന്റെ വിക്കറ്റ് നേട്ടം സിറാജ് കാര്യമായി ആഘോഷിച്ചുമില്ല. സിറാജിനെ സംബന്ധിച്ചിടത്തോളം ഇത് ഇന്ത്യൻ നായകനോടുള്ള ഒരു മധുരപ്രതികാരം കൂടിയായിരുന്നു.

നേരത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് സിറാജിനെ ടീം ഇന്ത്യ മാറ്റിനിർത്തിയിരുന്നു. ആ സമയത്ത് അത് ചർച്ചയാവുകയും ചെയ്തു. സിറാജിനെ തഴഞ്ഞ് അർഷദീപ് സിങ്ങിനെയാണ് ഇന്ത്യ ടീമിലെടുത്തത്. സിറാജിനെ തഴഞ്ഞതിനെപ്പറ്റി ചോദ്യം ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ പ്രതികരിച്ചതും ആ സമയത്ത് വാർത്തയായിരുന്നു. ‍ഡെത്ത് ഓവറുകളിൽ സിറാജ് ഇംപാക്ട് ഇല്ലാത്ത ബൗളറാണെന്നും ഓള്‍ഡ് ബോളിലും ന്യൂ ബോളിലും സിറാജിനേക്കാൾ മികവുള്ളവരുണ്ടെന്നുമായിരുന്നു രോഹിത് അന്ന് പറഞ്ഞത്.

അതിനു ശേഷം ഈ ഐ പി എല്ലിനു മുന്നോടിയായി തന്റെ കണക്കുകള്‍ നിരത്തി ബൗളിങ് മികവ് നോക്കണമെന്ന് സിറാജ് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. സെലക്ഷൻ എന്റെ കയ്യിലല്ല. എന്റെ കൈയ്യിൽ ക്രിക്കറ്റ് പന്ത് മാത്രമേ ഉള്ളൂ എന്നാണ് മുൻ ലോക ഒന്നാം നമ്പർ ഏകദിന ബോളർ കൂടിയായ സിറാജ് പറ‍ഞ്ഞത്. അതിനു ശേഷമാണ് കഴിഞ്ഞ മത്സരത്തിൽ രോഹിത്തിന്റെ കുറ്റി തെറിപ്പിച്ചുകൊണ്ട് സിറാജ് തന്റെ മികവ് ഇന്ത്യൻ ക്യാപ്റ്റനു മുന്നിൽ കാണിച്ചത്.

content highlights: Siraj's wicket of rohit sharma in MIvsGT game

To advertise here,contact us