ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പഞ്ചാബ്; ഐപിഎൽ ചരിത്രത്തിൽ ഇത് നാലാം തവണ

അതിൽ 2014ൽ പഞ്ചാബ് ഐപിഎൽ ഫൈനൽ കളിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ തുടർച്ചയായ രണ്ടാം മത്സരവും വിജയിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ആദ്യ മത്സരത്തിൽ ​ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചാണ് പഞ്ചാബ് സീസണിന് തുടക്കമിട്ടത്. രണ്ടാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെയും പഞ്ചാബിന്റെ രാജാക്കന്മാർ തറപറ്റിച്ചു. ഇത് നാലാം തവണയാണ് പഞ്ചാബ് സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം സ്വന്തമാക്കുന്നത്. മുമ്പ് 2014, 2017, 2023 സീസണുകളിലും പഞ്ചാബ് സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് തുടങ്ങിയത്. അതിൽ 2014ൽ പഞ്ചാബ് ഐപിഎൽ ഫൈനൽ കളിക്കുകയും ചെയ്തിരുന്നു.

ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ട് വിക്കറ്റിനാണ് തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്സ് ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 44 റൺസെടുത്ത നിക്കോളാസ് പുരാനും 41 റൺസെടുത്ത ആയൂഷ് ബദോനിയുമാണ് ലഖ്നൗ നിരയിൽ തിളങ്ങിയത്. എയ്ഡാൻ മാർക്രത്തിന്റെ 28 റൺസും അബ്ദുൾ സമദിന്റെ 27 റൺസും ലഖ്നൗവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സിനായി പ്രഭ്സിമ്രാൻ സിങ് 34 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സറും സഹിതം 69 റൺസെടുത്ത് മികച്ച തുടക്കം നൽകി. 30 പന്തിൽ പുറത്താകാതെ 52 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും 25 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം പുറത്താകാതെ 43 റൺസെടുത്ത നേഹൽ വദേരയും ചേർന്ന് പഞ്ചാബിനെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചു.

Content Highlights: Fourth time Punjab Kings winning their first two matches in a season

To advertise here,contact us