ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കിങ്സ് താരം നേഹൽ വദേര. 'ഈ മത്സരം പഞ്ചാബിന് വിജയിക്കണമായിരുന്നു. പഞ്ചാബിന്റെ ബൗളർമാർ നന്നായി പന്തെറിഞ്ഞു. പിന്നാലെ പ്രഭ്സിമ്രാൻ സിങ്ങും ശ്രേയസ് അയ്യരും നന്നായി ബാറ്റ് ചെയ്തു. എനിക്ക് ടെൻഷൻ ഇല്ലായിരുന്നു. കാരണം കളിക്കാൻ കഴിയുമോയെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ഒരു കിറ്റ് മാത്രമാണ് ഞാൻ കൊണ്ടുവന്നത്. എന്നാൽ അവസരം ലഭിച്ചപ്പോൾ നന്നായി കളിക്കണമെന്ന് ആഗ്രഹിച്ചു.' നേഹൽ വദേര പറഞ്ഞു.
പഞ്ചാബ് നായകൻ ശ്രേയസ് അയ്യരിനെയും വദേര പ്രശംസിച്ചു. 'ശ്രേയസ് പഞ്ചാബ് ടീമിനെ മികച്ച രീതിയിലാണ് നയിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ഐപിഎൽ കളിക്കുന്നു. അതിൽനിന്ന് ലഭിച്ച അനുഭവ സമ്പത്ത് പഞ്ചാബിനായി ഉപയോഗിക്കണം. പഞ്ചാബ് പരിശീലകൻ റിക്കി പോണ്ടിങ് ലോകത്തിലെ മികച്ച പരിശീലകരിൽ ഒരാളാണ്. പോണ്ടിങ് പോസിറ്റീവായ കാര്യങ്ങൾ മാത്രം സംസാരിക്കുന്നു. അത് താരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.' വദേര വ്യക്തമാക്കി.
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ട് വിക്കറ്റിനാണ് തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്സ് ലക്ഷ്യത്തിലെത്തി.
Content Highlights: I didn’t know that I would be playing says Nehal Wadhera