ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീം വിടുന്നതിൽ പ്രതികരണവുമായി യശസ്വി ജയ്സ്വാൾ. 'മുംബൈ വിടുന്നത് ഏറെ പ്രയാസമുള്ള തീരുമാനമാണ്. ഇന്ന് ഞാൻ സ്വന്തമാക്കിയ നേട്ടത്തിന് പിന്നിൽ മുംബൈയാണ്. ഈ പട്ടണം എന്റെ കരിയറിൽ നിർണായക റോൾ വഹിച്ചു. എല്ലാക്കാലവും ഞാൻ മുംബൈയോട് കടപ്പെട്ടിരിക്കും.' ജയ്സ്വാൾ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
'ഗോവ ക്രിക്കറ്റ് എനിക്ക് പുതിയൊരു അവസരം നൽകുകയാണ്. ഗോവ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും അവർ എനിക്ക് നൽകി. ഇന്ത്യയ്ക്കായി ഏറ്റവും മികച്ച പ്രകടനമാണ് എന്റെ ആദ്യ ലക്ഷ്യം. എന്നാൽ ഇന്ത്യൻ ടീമിൽ ഇല്ലാത്തപ്പോൾ ഞാൻ ഗോവയ്ക്കായി കളിക്കും. ഇത് എന്നെ തേടിയെത്തിയ ഒരു അവസരമാണ്. അത് നന്നായി ഉപയോഗിക്കാനും ഞാൻ ശ്രമിക്കും.' ജയ്സ്വാൾ വ്യക്തമാക്കി.
ഉത്തർപ്രദേശുകാരനായ ജയ്സ്വാൾ ചെറുപ്പത്തിൽ തന്നെ മുംബൈയിലേക്കെത്തിയതാണ്. ഉത്തർപ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജയ്സ്വാൾ 10-ാം വയസിൽ ക്രിക്കറ്റിനായി മുംബൈയിലേക്ക് വണ്ടികയറി. ക്രിക്കറ്റ് മൈതാനത്തെ ടെന്റുകളിലായിരുന്നു താരത്തിന്റെ ഉറക്കം. പാനിപൂരി വിൽക്കുന്ന കച്ചവടക്കാരെ സഹായിക്കുന്നതായിരുന്നു ഏക വരുമാന മാർഗം.
വീട്ടിൽ നിന്ന് തിരിച്ചുവിളിക്കുമ്പോൾ ക്രിക്കറ്റ് താരമായിട്ടെ മടങ്ങിവരൂവെന്നായിരുന്നു ജയ്സ്വാളിന്റെ മറുപടി. ക്രിക്കറ്റ് കളിക്കാൻ കഴിയുന്നുവെന്ന ഒറ്റക്കാരണത്താൽ പരിമിധികളെ ജയ്സ്വാൾ ഇഷ്ടപ്പെട്ടു. എന്നാൽ ആയിരക്കണക്കിന് വരുന്ന കുട്ടികളിൽ നിന്ന് ഒരു ക്രിക്കറ്റ് താരമാകുക ജയ്സ്വാളിന് എളുപ്പമല്ലായിരുന്നു. ജ്വാല സിങ് എന്ന പരിശീലകന്റെ ശ്രദ്ധയിൽപ്പെട്ടതാണ് ജയ്സ്വാളിന്റെ കരിയറിന്റെ വഴിത്തിരിവായത്. ജയ്സ്വാളിന് ഭക്ഷണവും താമസവും ഒപ്പം ക്രിക്കറ്റ് പരിശീലനവും ജ്വാല സിങ് വഴി ലഭിച്ചു.
മുംബൈയിലെ സ്കൂൾ ടൂർണമെന്റുകളിൽ നടത്തിയ പ്രകടനങ്ങൾ താരത്തെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നു. 2018ൽ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ജയ്സ്വാളെത്തി. മുംബൈയുടെ രഞ്ജി ടീമിലും മികച്ച പ്രകടനം നടത്തിയതോടെ താരത്തെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. പിന്നാലെ ഇന്ത്യയുടെ ദേശീയ ടീമിലും ജയ്സ്വാൾ നിർണായക സാന്നിധ്യമായി മാറി. എന്നാൽ വൈകാരികമായി മുംബൈയോടുള്ള ബന്ധം ഉപേക്ഷിച്ച് ജയ്സ്വാൾ ഗോവയിലേക്ക് മാറുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.
Content Highlights: It was a very tough decision for me says Jaiswal after switching side