ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ. 'ചിന്നസ്വാമി സ്റ്റേഡിയം എല്ലാവർക്കും പരിചിതമാണ്. ഇവിടെ എതിരാളികളെ 170 റൺസിൽ ഒതുക്കുന്നത് വലിയ കാര്യമാണ്. ചിലപ്പോഴൊക്കെ 250ന് മുകളിലുള്ള സ്കോർ ഇവിടെ നേടാൻ സാധിക്കും. ആദ്യ 7-8 ഓവറിൽ കുറച്ച് വിക്കറ്റുകൾ നേടാൻ കഴിഞ്ഞാൽ ഗുജറാത്ത് ടൈറ്റൻസിന് മത്സരം പിടിക്കാൻ കഴിയുമെന്ന് അറിയാമായിരുന്നു.' ശുഭ്മൻ ഗിൽ മത്സരശേഷം പ്രതികരിച്ചു.
'ഗുജറാത്ത് ടൈറ്റൻസ് കൃത്യമായ പദ്ധതിയിലൂടെയാണ് ബാറ്റ് ചെയ്തത്. വിക്കറ്റിന്റെ സ്വഭാവം മനസിലാക്കി ഓരോ റൺസും സ്വന്തമാക്കി. പിച്ചിന്റെ ശൈലി മനസിലാക്കി അതിന് അനുസരിച്ച് മികച്ച പ്രകടനം നടത്തുകയാണ് വേണ്ടത്.' ശുഭ്മൻ ഗിൽ വ്യക്തമാക്കി.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോട് എട്ട് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പരാജയപ്പെട്ടത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. മറുപടി പറഞ്ഞ ഗുജറാത്ത് ടൈറ്റൻസ് 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
Content Highlights: Restricting them to 170 was a good effort says Shubman Gill