തിരുമ്പി വന്തിട്ടെന്ന് സൊല്ല്; ബുംമ്ര ഫുൾ ഫിറ്റ്; മുംബൈയ്ക്കായി അടുത്ത മത്സരങ്ങളിൽ കളിക്കും

പരിക്കുമൂലം ഏറെ കാലം പുറത്തായിരുന്ന സ്റ്റാർ പേസർക്ക് ബിസിസിഐയുടെ ഫുൾ ഫിറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചു

ഇന്ത്യയുടേയും മുംബൈ ഇന്ത്യൻസിന്റെയും സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര അടുത്ത മത്സരങ്ങളിൽ കളിക്കും. പരിക്കുമൂലം ഏറെ കാലം പുറത്തായിരുന്ന സ്റ്റാർ പേസർക്ക് ബിസിസിഐയുടെ ഫുൾ ഫിറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചു. ഏപ്രിൽ 13 ന് ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലൂടെയാവും ബുംമ്ര ഈ സീസണിൽ തിരിച്ചെത്തുക.

ഇതുവരെ കളിച്ച 133 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 165 വിക്കറ്റുകൾ നേടിയിട്ടുള്ള ബുംമ്രയെ മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് 18 കോടി രൂപയ്ക്ക് നിലനിർത്തിയിരുന്നു. ഐപിഎല്ലിന്റെ അവസാന സീസണിൽ13 മത്സരങ്ങൾ കളിക്കുകയും 20 വിക്കറ്റുകൾ നേടുകയും ചെയ്തു.

എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ബുംമ്രയ്ക്ക്,ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിലാണ് പരിക്കേറ്റിരുന്നത്. പരിക്കുമൂലം പുറത്താകുന്നതിന് മുമ്പ് അദ്ദേഹം മികച്ച ഫോമിലായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിൽ നിന്ന് 32 വിക്കറ്റുകൾ നേടിയ തരാം പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടുകയും ചെയ്തു. ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും ചാംപ്യൻസ് ട്രോഫിയും പരിക്കുമൂലം താരത്തിന് നഷ്ടമായി. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള മുംബൈ ഇന്ത്യൻസിന് ഏതായാലും ബുംമ്രയുടെ തിരിച്ചുവരവ് വലിയ ആശ്വാസമാകും.

Content Highlights:Jasprit Bumrah Set To Join Mumbai Indians On This Date, Gets Fitness Clearance From BCCI

To advertise here,contact us