റിട്ടയർഡ് ഹർട്ട് അല്ല, റിട്ടയർഡ് ഔട്ട്; തിലക് വർമ പുറത്തായത് ഇങ്ങനെ

അവസാന ഏഴ് പന്തിൽ മുംബൈയ്ക്ക് വിജയിക്കാൻ 24 റൺസ് വേണമെന്നിരിക്കെയാണ് തിലക് തന്റെ വിക്കറ്റ് സ്വയം നഷ്ടപ്പെടുത്തിയത്

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമ റിട്ടയർഡ് ഔട്ടായിട്ടാണ് കഴിഞ്ഞ ദിനം മടങ്ങിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു താരത്തിന്റെ മടക്കം. മത്സരത്തിൽ മുംബൈ പരാജയപ്പെടുകയും ചെയ്തു.

കളിക്കളത്തിൽ പല താരങ്ങളും റിട്ടയർഡ് ഹർട്ട് ആകുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അപൂർവ്വമായി മാത്രമാണ് ഒരു താരം റിട്ടയർഡ് ഔട്ട് ആകുന്നത്. എന്താണ് റിട്ടയർഡ് ഹർട്ടും റിട്ടയർഡ് ഔട്ടും തമ്മിലുള്ള വ്യത്യാസം? അതാണ് ക്രിക്കറ്റ് ലോകത്ത് ഈ മണിക്കൂറുകളിൽ പ്രധാനചർച്ചയാകുന്നത്.

ഒരു താരത്തിന് പരിക്കേറ്റതുകൊണ്ടോ ഒഴിവാക്കാൻ കഴിയാത്ത മറ്റെന്തെങ്കിലും കാരണംകൊണ്ടോ തന്റെ ബാറ്റിങ് തുടരാൻ കഴിഞ്ഞില്ലെങ്കിൽ റിട്ടയർഡ് ഹർട്ട് ആ​കാം. ഇതിന് അംപയറുടെ അനുമതി ആവശ്യമാണ്. ഈ താരത്തിന് എപ്പോൾ വേണമെങ്കിലും ബാറ്റിങ് പുനരാരംഭിക്കാം. എന്നാൽ അംപയറുടെ അനുമതി ഇല്ലാതെ ക്രീസ് വിടുന്ന താരങ്ങളാണ് റിട്ടയർഡ് ഔട്ടിലേക്ക് നീങ്ങുന്നത്. എതിർടീം ക്യാപ്റ്റന്റെ അനുമതി ഉണ്ടെങ്കിൽ ഇത്തരം താരങ്ങൾക്ക് വീണ്ടും ബാറ്റ് ചെയ്യാം. എന്നാൽ താരം വീണ്ടും ക്രീസിലെത്തുന്നില്ലെങ്കിൽ അത് റിട്ടയർഡ് ഔട്ടായി പരി​ഗണിക്കും. ബാറ്റിങ് ശരാശരി കണക്ക് കൂട്ടുമ്പോൾ നോട്ടൗട്ട് ആണെങ്കിൽ ഒരു താരത്തിന്റെ ആവറേജ് വർധിക്കും. അതുകൊണ്ടാണ് അനുമതി ഇല്ലാതെ ക്രീസ് വിടുന്നവർ റിട്ടയർഡ് ഔട്ട് ആകുന്നത്.

ഐപിഎല്ലിൽ റിട്ടയർഡ് ഔട്ട് ആകുന്ന നാലാമത്തെ താരമാണ് തിലക് വർമ. മുമ്പ് രവിചന്ദ്രൻ അശ്വിൻ, സായി സുദർശൻ, അതർവ തായിഡെ എന്നിവരും റിട്ടയർഡ് ഔട്ട് എന്ന തന്ത്രം പ്രയോ​ഗിച്ചിരുന്നു. ലഖ്നൗവിനെതിരെ തിലക് ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുകയായിരുന്നു. അവസാന ഏഴ് പന്തിൽ മുംബൈയ്ക്ക് വിജയിക്കാൻ 24 റൺസ് വേണമെന്നിരിക്കെയാണ് തിലക് തന്റെ വിക്കറ്റ് സ്വയം നഷ്ടപ്പെടുത്തിയത്. മത്സരത്തിൽ റൺസെടുക്കാൻ പാടുപെട്ട തിലക് നിർണായകസമയത്തും വമ്പൻ ഷോട്ടുകൾ ഉതിർക്കാൻ പാടുപെട്ടപ്പോഴാണ് റിട്ടയേർഡ് ഔട്ടായി മടങ്ങിയത്. കളിയിൽ 23 പന്തിൽ 25 റൺസ് നേടാനേ തിലകിന് കഴിഞ്ഞുള്ളൂ. തിലക് പുറത്തായെങ്കിലും മുംബൈയ്ക്ക് വിജയിക്കാൻ കഴിഞ്ഞില്ല. ലഖ്നൗ നേടിയത് 12 റൺസ് വിജയം.

Content Highlights: Tilak Varma Retired Out During Mumbai Indians' Run Chase

To advertise here,contact us