ധോണി വില കളയുന്നു, 2023 ലെ IPL കിരീട നേട്ടത്തോടൊപ്പം വിരമിക്കണമായിരുന്നു; വിമർശനവുമായി മുൻ ഇന്ത്യൻ താരം

ഡല്‍ഹിക്കെതിരേ 26 പന്തില്‍ നിന്ന് 30 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ധോണി 2023 ല്‍ തന്നെ വിരമിക്കേണ്ടതായിരുന്നുവെന്നും വര്‍ഷങ്ങളായി അദ്ദേഹം ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ബഹുമാനവുമെല്ലാം ഇപ്പോൾ നഷ്ടപ്പെടുത്തുകയാണെന്നും മനോജ് തിവാരി ക്രിക്ക്ബസ്സിനോട് പറഞ്ഞു.

ശനിയാഴ്ച ഡല്‍ഹിക്കെതിരേ 26 പന്തില്‍ നിന്ന് 30 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. 25 റണ്‍സിന് ടീം തോറ്റതിന് പിന്നാലെ മുന്‍ നായകനെതിരേ ആരാധകര്‍ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ഇതിന് മുമ്പുള്ള മത്സരങ്ങളിലും താരത്തിന് മികവ് പുലർത്തായിരുന്നില്ല. ഒമ്പതാമായിട്ടായിരുന്നു താരം ബാറ്റ് ചെയ്യാനെത്തിയിരുന്നത്‌.

ആരാധകര്‍ അദ്ദേഹത്തെ ഇങ്ങനെ കാണാന്‍ ഇഷ്ടപ്പെടുന്നില്ല. വര്‍ഷങ്ങളായി ആരാധകര്‍ക്കിടയില്‍ അദ്ദേഹം ഒരു വിശ്വാസം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോൾ ആരാധകര്‍ അദ്ദേഹത്തിനെതിരേ സംസാരിക്കുകയാണ്. തിവാരി കൂട്ടിച്ചേർത്തു.

അതേ സമയം ടൂർണമെന്റിൽ മോശം അവസ്ഥയിലാണ് ചെന്നൈ സൂപ്പർ കിങ്‌സുള്ളത്. അഞ്ചുതവണ കിരീടം നേടിയിട്ടുള്ള ടീം നാല് മത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രമാണ് ജയിച്ചിട്ടുള്ളത്. റൺ ശരാശരിയിലും ഏറെ പിന്നിലാണ്. 43 കാരനായ ധോണി വിരമിച്ച് യുവ താരങ്ങൾക്ക് അവസരം കൊടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

To advertise here,contact us