ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ തുടർതോൽവികളിൽ പ്രതികരണവുമായി ഇന്ത്യൻ മുൻ താരം അമ്പാട്ടി റായുഡു. 'മിഡിൽ ഓവറുകളിൽ, നിർണായക വിക്കറ്റുകൾ നേടി എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ കഴിവുള്ള ഒരാൾ പോലും സൺറൈസേഴ്സ് ടീമിലില്ല. ഗുജറാത്ത് ടൈറ്റൻസിനായി സായ് കിഷോർ, റാഷിദ് ഖാൻ, പ്രസിദ്ധ് കൃഷ്ണ എന്നിവർ സൺറൈസേഴ്സിനെതിരെ മിഡിൽ ഓവറുകളിൽ നന്നായി പന്തെറിഞ്ഞു. അതാണ് സൺറൈസേഴ്സിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയത്.' റായുഡു ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയോട് പ്രതികരിച്ചു.
'സൺറൈസേഴ്സ് വിക്കറ്റുകൾ എടുക്കാൻ ശ്രമിക്കുന്നത് എനിക്ക് കാണാൻ സാധിച്ചില്ല. എതിർ ടീം ബാറ്റർമാർ ബൗണ്ടറികൾ നേടുന്നത് തടയാനാണ് സൺറൈസേഴ്സ് ബൗളർമാർ ശ്രമിക്കുകയാണ്. ശരാശരി മിഡിൽ ഓവർ ബൗളിങ് കൊണ്ട് ഐ പി എൽ വിജയിക്കാൻ കഴിയില്ല. മിഡിൽ ഓവറിൽ വിക്കറ്റുകൾ എടുക്കാൻ മികച്ച ബൗളർമാർ ആവശ്യമാണ്.' റായുഡു വ്യക്തമാക്കി.
ഐപിഎല്ലിൽ കഴിഞ്ഞ സീസണിലെ ഫൈനൽ കളിച്ചവരാണ് സൺറൈസേഴ്സ് ഹൈദരാബാദ്. എന്നാൽ ഈ സീസണിൽ അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോൾ ഒന്നിൽ മാത്രമാണ് സൺറൈസേഴ്സിന് വിജയിക്കാൻ സാധിച്ചത്. പാറ്റ് കമ്മിൻസ് നായകനായ ടീം സീസണിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും മോശം പ്രകടനമാണ് നടത്തുന്നത്.
Content Highlights: Ambati Rayudu Warning To Sunrisers Hyderabad