ഗുജറാത്ത് ടൈറ്റൻസിന്റെ വെറ്ററൻ ബൗളറായ ഇഷാന്ത് ശർമയ്ക്ക് ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീസിന്റെ 25 ശതമാനം പിഴ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ നടത്തിയ പെരുമാറ്റ ചട്ട ലംഘനത്തിൽ താരത്തിന് മേലെ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി. ആർട്ടിക്കിൾ 2.2 പ്രകാരം ലെവൽ 1 കുറ്റം ഇഷാന്ത് ശർമ്മ സമ്മതിക്കുകയും മാച്ച് റഫറിയുടെ അനുമതി സ്വീകരിക്കുകയും ചെയ്തു.
ആർട്ടിക്കിൾ 2.2 പ്രകാരമുള്ള കുറ്റമെന്ന് പറയുന്നത് ഗ്രണ്ടിലെ പരിധി വിട്ട ഇടപെടലുകളാണ്, സ്റ്റംപ്, ബാറ്റ്, ബൗണ്ടറി ലൈൻ തുടങ്ങി മത്സരത്തിലെ അടിസ്ഥാന വസ്തുക്കളിൽ അടിക്കുകയോ ദേഷ്യ പ്രകടനം നടത്തുകയോ ചെയ്താൽ താരങ്ങൾക്ക് മേൽ ശിക്ഷ നടപ്പാക്കും. ഇന്നലെ റൺസ് വിട്ടുകൊടുത്തതിന് പിന്നാലെ താരം ഗ്രൗണ്ടിൽ രോഷപ്രകടനം നടത്തിയിരുന്നു.
ഇഷാന്ത് ശർമ ഇന്നലെ നടന്ന മത്സരത്തിൽ തന്റെ നാല് ഓവറിൽ 53 റൺസ് വിട്ടുകൊടുത്തു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഇഷാന്ത് ഒരു വിക്കറ്റ് മാത്രമേ നേടിയിട്ടുള്ളൂ, 12.13 ശരാശരിയിൽ റൺസ് നേടിക്കൊടുത്തിട്ടുണ്ട്.
അതേ സമയം ഈ സീസണിൽ പിഴ യൊടുക്കുന്ന അഞ്ചാമത്തെ താരമാണ് ഇഷാന്ത് ശർമ. നോട്ട് ബുക്ക് സെലിബ്രേഷന് ലഖ്നൗ സൂപ്പർ ജയൻറ്സ് താരം ദിഗ്വേഷ് രതിക്കും കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റന്മാരായ ഹാർദിക് പാണ്ഡ്യ (മുംബൈ), റിയാൻ പരാഗ്(രാജസ്ഥാൻ), റിഷഭ് പന്ത് (ലഖ്നൗ) എന്നിവർക്കും പിഴ ചുമത്തിയിരുന്നു.
Content Highlights:Ishant Sharma has been fined by bcci