ശരീരത്തിൽ അടിച്ച ടാറ്റൂകൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ്സ്മാൻ റിങ്കു സിംഗ്. കൈകളിൽ ദൈവത്തിന്റെ പദ്ധതിയെന്ന് ക്ലോക്ക് രൂപത്തിൽ ടാറ്റൂ ചെയ്ത റിങ്കു അതിൽ 2:20 എന്നും മാർക്ക് ചെയ്തിട്ടുണ്ട്. ഇതിന് പിന്നിലെ പ്രാധാന്യമാണ് റിങ്കു വെളിപ്പെടുത്തിയത്.
2018 ൽ കെകെആർ എന്നെ തിരഞ്ഞെടുത്തപ്പോൾ സമയം 2:20 ആയിരുന്നുവെന്നും അതാണ് തന്റെ ജീവിതം മാറ്റിമറിച്ച ദൈവത്തിന്റെ പദ്ധതിയെന്നും റിങ്കു പറഞ്ഞു. അതിന് ശേഷം എന്റെയും കുടുംബത്തിന്റെയും ജീവിതം പൂർണമായും മാറി. അതിന് മുമ്പ് ഞങ്ങൾക്ക് ഒന്നുമില്ലായിരുന്നു, അതിന് ശേഷം വീടുകൾ വാങ്ങി, സഹോദരങ്ങളുടെ വിവാഹങ്ങൾ എളുപ്പമായി, റിങ്കു കൂട്ടിച്ചേർത്തു.
അതേ സമയം കെകെആറിനൊപ്പമുള്ള ആദ്യ മൂന്ന് വർഷങ്ങളിൽ റിങ്കുവിന് വലിയ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ 2022 സീസണിൽ 34.80 ശരാശരിയിൽ 174 റൺസും 148-ൽ അധികം സ്ട്രൈക്ക് റേറ്റും നേടി. 2023 സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ യാഷ് ദയാലിനെതിരെ അഹമ്മദാബാദിൽ 205 റൺസ് വിജയകരമായി പിന്തുടർന്ന് അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ നേടി. 2023 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 474 റൺസ് നേടി. നാല് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 59.25 ശരാശരിയും 149.53 സ്ട്രൈക്ക് റേറ്റും നിലനിർത്തി.
അതിനിടയിൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറി. രണ്ട് ഏകദിനങ്ങളും 33 ടി 20 മത്സരങ്ങളും കളിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാക്കളായ ടീമിൽ റിസർവ് പ്ലെയറായി സിംഗ് ഉണ്ടായിരുന്നു. കഴിഞ്ഞ തവണ കെകെആറിനൊപ്പം തന്റെ ആദ്യ ഐപിഎൽ കിരീടം നേടി, 11 ഇന്നിംഗ്സുകളിൽ നിന്ന് 148.67 സ്ട്രൈക്ക് റേറ്റിൽ 168 റൺസ് സംഭാവന ചെയ്തു. നിലവിലെ ഐപിഎൽ 2025 സീസണിൽ, റിങ്കു നാല് മത്സരങ്ങളിൽ നിന്ന് 30.50 ശരാശരിയിലും 148 ൽ കൂടുതൽ സ്ട്രൈക്ക് റേറ്റിലും 61 റൺസ് നേടിയിട്ടുണ്ട്.
Content Highlights: Rinku Singh explains meaning behind his 2:20 clock tattoo