പാട്ടിദാറിന്റെ പവർഹിറ്റുകൾ, ജിതേഷിന്റെ ഫയർവർക്സ്; RCBയ്ക്ക് മികച്ച സ്കോർ

നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തിരഞ്ഞെടുത്തു

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് മികച്ച സ്കോർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. അർധ സെ‍ഞ്ച്വറികളുമായി തിളങ്ങിയ വിരാട് കോഹ്‍ലി, രജത് പാട്ടിദാർ എന്നിവർക്ക് പുറമെ അവസാന ഓവറുകളിൽ തകർത്തടിച്ച് ജിതേഷ് ശർമയുമാണ് ആർസിബിയെ മികച്ച സ്കോറിലെത്തിച്ചത്.

നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തിരഞ്ഞെടുത്തു. നാല് റൺസെടുത്ത ഫിൽ സോൾട്ടിന് രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. പിന്നാലെ വിരാട് കോഹ്‍ലിയും ദേവ്ദത്ത് പടിക്കലും ക്രീസിൽ ഒന്നിച്ചതോടെ ആർസിബി വെടിക്കെട്ടുമായി മുന്നേറി. 22 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സറും സഹിതം പടിക്കൽ 37 റൺസെടുത്തു. കോഹ്‍ലി 67 റൺസെടുത്ത് പുറത്തായി. 42 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതമായിരുന്നു കോഹ്‍ലിയുടെ ഇന്നിം​ഗ്സ്. രണ്ടാം വിക്കറ്റിൽ കോഹ്‍ലിയും പാട്ടിദാറും ചേർന്ന് 91 റൺസ് കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെതായിരുന്നു അടുത്ത ഊഴം. 32 പന്തിൽ അഞ്ച് ഫോറും നാല് സിക്സറും സഹിതം 64 റൺസെടുത്താണ് പാട്ടിദാറിന്റെ സമ്പാദ്യം. 19 പന്തിൽ പുറത്താകാതെ 40 റൺസുമായി ജിതേഷ് ശർമയും തന്റെ വെടിക്കെട്ട് മികവ് പുറത്തെടുത്തു. രണ്ട് ഫോറും നാല് സിക്സറും സഹിതമായിരുന്നു ജിതേഷിന്റെ ഇന്നിം​ഗ്സ്. മുംബൈ ഇന്ത്യൻസിനായി ഹാർദിക് പാണ്ഡ്യയും ട്രെന്റ് ബോൾട്ടും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlights: Virat Kohli, Rajat Patidar Take RCB To 221 vs MI

To advertise here,contact us