'പറഞ്ഞ് അറിയിക്കാൻ കഴിയാത്ത അത്ര സന്തോഷമുണ്ട്'; സെഞ്ച്വറി നേട്ടത്തിൽ പ്രിയാൻഷ് ആര്യ

'ആദ്യത്തെ പന്ത് ഇഷ്ടമേഖലയിൽ കിട്ടിയാൽ തീർച്ചയായും ഒരു സിക്സറിന് അടിക്കുമെന്ന് ഞാൻ ചിന്തിച്ചിരുന്നു'

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ സെഞ്ച്വറി നേട്ടത്തിൽ പ്രതികരണവുമായി പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യ. പറഞ്ഞ് അറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ടെന്നാണ് പ്രിയാൻഷ് പറയുന്നത്. 'കഴിഞ്ഞ മത്സരത്തിൽ ശ്രേയസ് അയ്യർ എന്റെ കഴിവിനെക്കുറിച്ച് സംസാരിച്ചു. എനിക്ക് ഇഷ്ടമുള്ള രീതിയിൽ കളിക്കാൻ ശ്രേയസ് നിർദ്ദേശിച്ചു. ആദ്യത്തെ പന്ത് ഇഷ്ടമേഖലയിൽ കിട്ടിയാൽ തീർച്ചയായും ഒരു സിക്സറിന് അടിക്കുമെന്ന് ഞാൻ ചിന്തിച്ചിരുന്നു. കഴിയുന്നത്ര മികവ് പുറത്തെടുക്കാനാണ് എനിക്ക് ആ​ഗ്രഹം.' മത്സരത്തിന്റെ ഇടവേളയിൽ പ്രിയാൻഷ് പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീ​ഗിനേക്കാൾ വേ​ഗത്തിൽ റൺസ് കണ്ടെത്താൻ കഴിയുന്നത് ഡൽഹി പ്രീമിയർ ലീ​ഗിലാണെന്നും പ്രിയാൻഷ് പറയുന്നു. 'അവിടെ പന്തിന് വേരിയേഷനുകൾ ഇല്ല. ബാറ്റിലേക്ക് പന്ത് വരുന്നു. അതുകൊണ്ട് പവർപ്ലേയിൽ നന്നായി പന്തെറിയുകയും വിക്കറ്റ് നേടുവാനും ഏറെ ശ്രമിക്കേണ്ടതുണ്ട്.' പ്രിയാൻഷ് വ്യക്തമാക്കി.

ഐപിഎൽ കരിയറിലെ നാലാമത്തെ മത്സരത്തിലാണ് പ്രിയാൻഷ് ആദ്യ സെ‍ഞ്ച്വറിയിലെത്തുന്നത്. 39 പന്തിൽ താരം സെഞ്ച്വറി നേട്ടം പൂർത്തിയാക്കി. ഐപിഎൽ ചരിത്രത്തിൽ തന്നെ അഞ്ചാമത്തെ വേ​ഗതയേറിയ സെ‍ഞ്ച്വറി നേട്ടമാണ് പ്രിയാൻഷ് നേടിയത്. പഞ്ചാബ് ഇന്നിംഗ്സിന്റെ 13-ാം ഓവറിൽ തന്നെ പ്രിയാൻഷ് സെഞ്ച്വറിയിലെത്തി. 42 പന്തിൽ ഏഴ് ഫോറും ഒമ്പത് സിക്സറും സഹിതം 103 റൺസെടുത്ത് പ്രിയാൻഷ് പുറത്തായി.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഖലീൽ അഹമ്മദ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി പ്രിയാൻഷ് തന്റെ നിലപാട് വ്യക്തമാക്കി. ഒരറ്റത്ത് പഞ്ചാബിന് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പ്രിയാൻഷ് തന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് മാറ്റം വരുത്തിയില്ല. 19 പന്തുകളിൽ താരം അർധ സെഞ്ച്വറി പൂർത്തിയാക്കി.

രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ 12-ാം ഓവറിൽ തുടർച്ചയായി രണ്ട് സിക്സറുകളാണ് പ്രിയാൻഷ് അടിച്ചെടുത്തത്. പിന്നാലെ 13-ാം ഓവറിൽ മതീഷ പതിരാനയെ പ്രിയാൻഷ് തുടർച്ചയായി മൂന്ന് പന്തുകളിൽ നിലംതൊടാതെ ​ഗ്യാലറിയിലെത്തിച്ചു. പതിരാനയെ ബൗണ്ടറി കടത്തിയാണ് പ്രിയാൻഷ് സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തിട്ടുണ്ട്.

Content Highlights: Priyansh Arya is not expressive but getting a very good feeling from within

To advertise here,contact us