വിരമിച്ച താരങ്ങൾ കളിക്കുന്ന ലീഗിൽ പോലും ഇത്രയും ക്യാച്ചുകൾ വിടില്ല; CSK താരങ്ങളെ പരിഹസിച്ച് ഇർഫാൻ പത്താൻ

വിരമിച്ച താരങ്ങള്‍ കളിക്കുന്ന ലെജന്‍ഡ്സ് ലീഗില്‍ പോലും ഇത്രയും ക്യാച്ചുകള്‍ കൈവിടില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ കുറിച്ചു

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങൾ നിരവധി ക്യാച്ചുകള്‍ പാഴാക്കിയതിനെ പരിഹിസിച്ച് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. വിരമിച്ച താരങ്ങള്‍ കളിക്കുന്ന ലെജന്‍ഡ്സ് ലീഗില്‍ പോലും ഇത്രയും ക്യാച്ചുകള്‍ കൈവിടില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.

അതേ സമയം ഐപിഎല്ലിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ വിട്ടുകളയുന്ന ടീമെന്ന നാണക്കേടിന്റെ റെക്കോർഡ് ചെന്നൈ സൂപ്പർ കിങ്സ് ഇന്നലെ സ്വന്തം പേരിലാക്കിയിരുന്നു. ഐപിഎൽ 2025ൽ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ ഇതുവരെ കൈവിട്ടത് 12 ക്യാച്ചുകളാണ്.

ഇന്നലത്തെ മത്സരത്തില്‍ സെഞ്ചുറി നേടിയ പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ ആര്യയെ രണ്ട് തവണ ചെന്നൈ ഫീല്‍ഡര്‍ കൈവിട്ടിരുന്നു.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ വിട്ടുകളഞ്ഞ മത്സരവും ഇന്നലത്തേതായിരുന്നു. മത്സരത്തിൽ ആകെ ഒമ്പത് ക്യാച്ചുകളാണ് വിട്ടുകളഞ്ഞത്. ചെന്നൈ സൂപ്പർ കിങ്സ് അഞ്ചും പഞ്ചാബ് കിങ്സ് നാലും ക്യാച്ചുകൾ പാഴാക്കി.

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനായിരുന്നു ജയം. ചെന്നൈ സൂപ്പർ കിങ്സിനെ 18 റൺസിനാണ് പഞ്ചാബ് ഇത്തവണ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. 103 റൺസെടുത്ത പ്രിയാൻഷ് ആര്യ, പുറത്താകാതെ 52 റൺസെടുത്ത ശശാങ്ക് സിങ്, 34 റൺസെടുത്ത് പുറത്താകാതെ നിന്ന മാർകോ യാൻസൻ എന്നിവരാണ് പഞ്ചാബിന് മികച്ച സ്കോർ നേടി നൽകിയത്.

മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിലെത്താനെ സാധിച്ചുള്ളു. 69 റൺസെടുത്ത ഡെവോൺ കോൺവേ, 42 റൺസുമായി ശിവം ദുബെ എന്നിവർ ചെന്നൈ നിരയിൽ തിളങ്ങി.

Content Highlights: irfan pathan mocks-csk s poor fielding in ipl 2025

To advertise here,contact us