പാക്കിസ്താൻ സൂപ്പർ ലീഗ് തുടങ്ങുന്നതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വ്യൂവർഷിപ്പ് കുറയുമെന്ന് പാകിസ്താൻ താരം ഹസൻ അലി. ഐപിഎല്ലും പാകിസ്താൻ സൂപ്പർ ലീഗും ഇത്തവണ ഏകദേശം ഒരേ സമയത്താണ്. ഇതോടെയാണ് പാക് പേസറുടെ വിചിത്രമായ അവകാശവാദം വന്നിരിക്കുന്നത്. ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ് പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കാറുള്ളത്. എന്നാൽ ഇത്തവണ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനെ തുടർന്നാണ് പിഎസ്എല്ലിന്റെ സമയം മാറ്റിയത്.
'മികച്ച ക്രിക്കറ്റും വിനോദവുമുള്ള മത്സരങ്ങളാണ് ആളുകൾ കാണാൻ ആഗ്രഹിക്കുന്നത്. പാകിസ്താൻ സൂപ്പർ ലീഗിലേത് മികച്ച മത്സരങ്ങളാണെങ്കിൽ ആരാധകർ ഐപിഎൽ കാണുന്നത് ഉപേക്ഷിക്കും. പകരമായി പാക്കിസ്ഥാൻ സൂപ്പർ ലീഗ് കാണാൻ വരും.' ഹസൻ പാക്കിസ്താൻ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ.
ഏപ്രിൽ 11 മുതലാണ് പാക്കിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കു തുടക്കമാകുന്നത്. മെയ് 18 വരെ ടൂർണമെന്റ് നീളും. മാർച്ച് 22ന് ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് മെയ് 25നാണ് അവസാനിക്കുക.
Content Highlights: Viewers Will Leave Indian Premier League To Watch PSL: Hasan Ali