ലോസ് ഏഞ്ചൽസിലേക്ക് പറക്കാൻ ക്രിക്കറ്റ് താരങ്ങളും; 2028 ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തി ഐഒസി

മത്സരങ്ങളുടെ വേദികളും സമയക്രമവും ഇതുവരെ തീരുമാനിച്ചിട്ടില്ല

2028ലെ ലോസ് ഏഞ്ചൽസ് ഒളിംപിക്സിൽ ട്വന്റി 20 ക്രിക്കറ്റ് ഉൾപ്പെടുത്തിയതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബുധനാഴ്ച ചേർന്ന 2028ലെ ഐഒസി എക്സിക്യൂട്ടീവ് ബോർഡാണ് ലോസ് ഏഞ്ചൽസ് ഒളിംപിക്സിനുള്ള കായിക മത്സരങ്ങൾ തീരുമാനിച്ചത്.

ആറ് ടീമുകൾക്കാണ് ഒളിംപിക്സിൽ പങ്കെടുക്കാൻ അവസരം. പുരുഷന്മാരുടെയും വനിതകളുടെയും ടീമുകൾ ഉണ്ടാവും. ഓരോ ടീമിലും 15 കളിക്കാർ വീതമുണ്ടാകും. അങ്ങനെ ആകെ 90 ക്രിക്കറ്റ് കളിക്കാർക്ക് ഒളിംപിക് ഗെയിംസിൽ മത്സരിക്കാൻ അവസരം ലഭിക്കും. ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള തീരുമാനം അന്തിമമായിട്ടുണ്ടെങ്കിലും, മത്സരങ്ങളുടെ വേദികളും സമയക്രമവും ഇതുവരെ തീരുമാനിച്ചിട്ടില്ല.

2028 ലെ ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ അംഗീകരിച്ച അഞ്ച് പുതിയ കായിക ഇനങ്ങളിൽ ഒന്നാണ് ക്രിക്കറ്റ്. ബേസ്ബോൾ/സോഫ്റ്റ്‌ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ് (സിക്സെസ് ഫോർമാറ്റ്), സ്ക്വാഷ് എന്നിവയാണ് മറ്റ് നാല് കായിക ഇനങ്ങൾ. ഈ നാല് കായിക ഇനങ്ങളെ ഉൾപ്പെടുത്തുന്നതിന് ഐഒസി രണ്ട് വർഷം മുമ്പ് പ്രാഥമിക അംഗീകാരം നൽകിയിരുന്നു.

ഒരു നൂറ്റാണ്ടിലേറെയായി ക്രിക്കറ്റ് ഒളിംപിക്സിന്റെ ഭാ​ഗമായിരുന്നില്ല. അവസാനമായി ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സരം നടന്നത് 1900ലെ പാരീസ് ഗെയിംസിലാണ്. അന്ന് ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും തമ്മിൽ ഒരു ദ്വിദിന മത്സരം നടന്നിരുന്നു.

Content Highlights: IOC Confirms T20 Cricket for LA 2028 Olympics

To advertise here,contact us