50 നമ്പർ 100; ടി20 കരിയറിൽ വിരാട് കോഹ്‍ലിക്ക് 100-ാമത്തെ അർധ സെഞ്ച്വറി

ട്വന്റി 20 ക്രിക്കറ്റിൽ 100 അർധ സെഞ്ച്വറികൾ പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമാണ് വിരാട് കോഹ്‍ലി

ട്വന്റി 20 ക്രിക്കറ്റിൽ 100-ാമത്തെ അർധ സെഞ്ച്വറി പൂർത്തിയാക്കി വിരാട് കോഹ്‍ലി. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായാണ് കോഹ്‍ലി തന്റെ ക്രിക്കറ്റ് കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടത്. മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ഒമ്പത് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

കരിയറിലെ 405-ാം ട്വന്റി 20 മത്സരത്തിലാണ് വിരാട് കോഹ്‍ലിയുടെ നേട്ടം. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ 38 തവണയും ഐപിഎല്ലിൽ 59 തവണയും കോഹ്‍ലി അർധ ശതകം പിന്നിട്ടു. ചാംപ്യൻസ് ലീ​ഗ് ട്വന്റി 20യിൽ കോഹ്‍ലി രണ്ട് തവണ അർധ സെഞ്ച്വറി നേട്ടം സ്വന്തമാക്കി. 11 തവണയാണ് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ട്വന്റി 20യിൽ കോഹ്‍ലി അർധ സെഞ്ച്വറി പിന്നിട്ടത്.

ട്വന്റി 20 ക്രിക്കറ്റിൽ 100 അർധ സെഞ്ച്വറികൾ പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമാണ് വിരാട് കോഹ്‍ലി. ഈ നേട്ടത്തിൽ ഓസ്ട്രേലിയൻ മുൻ താരം ഡേവിഡ് വാർണർ മാത്രമാണ് കോഹ്‍ലിക്ക് മുന്നിലുള്ളത്. ട്വന്റി 20 കരിയറിൽ 108 അർധ സെഞ്ച്വറികളാണ് വാർണറിന്റെ പേരിലുള്ളത്.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 45 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം 62 റൺസെടുത്ത വിരാട് കോഹ്‍ലി പുറത്താകാതെ നിന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ആർസിബി ലക്ഷ്യത്തിലെത്തി.

Content Highlights: Kohli becomes first Indian batter to score 100 T20 fifties

To advertise here,contact us