DCയുടെ വിജയയാത്ര പിടിച്ചുനിർത്തി MI; 12 റൺസിന് മുംബൈ വിജയം

ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ കരുൺ 40 പന്തിൽ 89 റൺസാണ് അടിച്ചെടുത്തത്. എന്നാൽ കരുൺ പോയിടത്ത് ഡൽഹി ക്യാപിറ്റൽസ് കളിയും കൈവിട്ടു.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് ആവേശ വിജയം. 12 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. സീസണിൽ തുടർച്ചയായി നാല് വിജയങ്ങൾ നേടി പരാജയം അറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിന്റെ ആ​ദ്യ തോൽവിയാണിത്.

നേരത്തെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻനിര താരങ്ങളുടെ ഭേദപ്പെട്ട സ്കോറിങ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചു. റയാൻ റിക്ലത്തൺ 25 പന്തിൽ 41 റൺസും 28 പന്തിൽ 40 റൺസുമായി സൂര്യകുമാർ യാദവും തുടക്കം ​ഗംഭീരമാക്കി. 33 പന്തിൽ 59 റൺസെടുത്ത തിലക് വർമയാണ് മുംബൈയുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ 17 പന്തിൽ പുറത്താകാതെ 38 റൺസെടുത്ത നമൻ ധിറിന്റെ പ്രകടനമാണ് മുംബൈ സ്കോർ 200 കടത്തിയത്. ഡൽഹി ക്യാപിറ്റൽസിനായി കുൽദീപ് യാദവും വിപ്രാജ് നി​ഗവും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഡൽഹി ഓപണർ ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗ് റൺസെടുക്കും മുമ്പെ ആദ്യ പന്തിൽ തന്നെ പുറത്തായി. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ കരുൺ 40 പന്തിൽ 89 റൺസാണ് അടിച്ചെടുത്തത്. എന്നാൽ കരുൺ പോയിടത്ത് ഡൽഹി ക്യാപിറ്റൽസ് കളിയും കൈവിട്ടു. 33 റൺസെടുത്ത അഭിഷേക് പോറലാണ് ഡൽഹി നിരയിലെ രണ്ടാമത്തെ ടോപ് സ്കോറർ. മുംബൈ ഇന്ത്യൻസിനായി കരുൺ നായർ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

Content Highlights: Mumbai Indians beats Delhi Capitals by 12 runs

To advertise here,contact us