ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ആർസിബി ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 47 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 75 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ. 15 പന്തിൽ 19 റൺസുമായി സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. റിയാൻ പരാഗ് 30, ധ്രുവ് ജുറേൽ പുറത്താകാതെ 35 എന്നിവരാണ് രാജസ്ഥാൻ നിരയിലെ മറ്റ് സ്കോറർമാർ. റോയൽ ചലഞ്ചേഴ്സിനായി യാഷ് ദയാൽ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ആർസിബിക്കായി ഫിൽ സോൾട്ട് ഗംഭീര തുടക്കം നൽകി. 33 പന്തിൽ അഞ്ച് ഫോറും ആറ് സിക്സറും സഹിതം 65 റൺസെടുത്ത ഫിൽ സോൾട്ടാണ് ആർസിബിയുടെ തുടക്കം ഗംഭീരമാക്കിയത്. 45 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 62 റൺസെടുത്ത വിരാട് കോഹ്ലി സോൾട്ടിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 92 റൺസ് പിറന്നു. 28 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും സഹിതം 40 റൺസെടുത്ത ദേവ്ദത്ത് പടിക്കലിന്റെ സംഭാവനയും ആർസിബി വിജയത്തിൽ നിർണായകമായി. കോഹ്ലിയുമൊത്ത് രണ്ടാം വിക്കറ്റിൽ 83 റൺസാണ് പടിക്കൽ കൂട്ടിച്ചേർത്തത്.
Content Highlights: Virat Kohli, Phil Salt Smash Fifties, RCB Cruise To 9-Wicket Win vs RR