ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ ആവേശ വിജയത്തിൽ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ. 'വിജയങ്ങൾ എപ്പോഴും ഒരു പ്രത്യേക അനുഭൂതിയാണ്. പ്രത്യേകിച്ചും ഇതുപോലെ ആവേശകരമായ വിജയങ്ങൾ. കരുൺ നായർ വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. അതുകണ്ടപ്പോൾ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ പരാജയപ്പെടുമെന്ന് കരുതിയിരുന്നു.' മത്സരശേഷം ഹാർദിക് പാണ്ഡ്യ പ്രതികരിച്ചു.
കരൺ ശർമയുടെ മികച്ച ബൗളിങ്ങിനെക്കുറിച്ചും ഹാർദിക് സംസാരിച്ചു. 'ബൗണ്ടറികൾ വെറും 60 മീറ്റർ മാത്രം അകലെയുള്ളപ്പോഴാണ് ഇത്തരമൊരു മികച്ച പ്രകടനം കരൺ പുറത്തെടുത്തത്. മുംബൈ ഇന്ത്യൻസ് ഒരിക്കലും കീഴടങ്ങിയില്ല. മത്സരം വിജയിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എല്ലാവരും അവരവരുടെ പങ്ക് നന്നായി നിർവഹിച്ചു. ലഭിച്ച അവസരങ്ങൾ മുംബൈ നന്നായി മുതലെടുത്തു. ഡൽഹി ബാറ്റ് ചെയ്തപ്പോൾ നന്നായി മഞ്ഞ് വീഴ്ച ഉണ്ടായിരുന്നു. എങ്കിലും രണ്ടോ മൂന്നോ വിക്കറ്റുകൾ വീണാൽ കളി മാറും എന്ന് മുംബൈയ്ക്ക് അറിയാമായിരുന്നു. ഇത് മുമ്പും എനിക്ക് സംഭവിച്ചിട്ടുണ്ട്. ഇതുപോലെയുള്ള ജയങ്ങൾ ടീമിന്റെ മൊമെന്റം മാറ്റുകയും എല്ലാ കാര്യങ്ങളും അനുകൂലമാക്കുകയും ചെയ്യും.' ഹാർദിക് വ്യക്തമാക്കി.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് ആവേശ വിജയമാണ് നേടിയത്. 12 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. 40 പന്തിൽ 89 റൺസ് നേടിയ കരുൺ നായരാണ് ഡൽഹി നിരയിൽ മികച്ച പോരാട്ടം നടത്തിയത്. സീസണിൽ തുടർച്ചയായി നാല് വിജയങ്ങൾ നേടി പരാജയം അറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ തോൽവിയാണിത്.
Content Highlights: Karun was batting brilliantly, it seemed like it was going out of hand said Hardik