ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റതിനു പിന്നാലെ റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. പന്തിന്റെ തെറ്റായ തീരുമാനങ്ങളാണ് ചെന്നൈക്ക് ജയിക്കാൻ വഴിയൊരുക്കിയത് എന്നാണ് ആകാശ് ചോപ്ര പറയുന്നത്.
തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് പന്തിനെതിരെ ചോപ്ര ആഞ്ഞടിച്ചത്. മത്സരത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും സ്പിന്നർ രവി ബിഷ്ണോയിക്ക് മൂന്നോവർ മാത്രം നൽകിയത് ചൂണ്ടിക്കാട്ടിയാണ് ആകാശ് ചോപ്രയുടെ വിമർശനം.
ക്യാപ്റ്റൻസിയിൽ റിഷഭ് പന്തിന് പിഴവ് പറ്റിയതായി എനിക്ക് തോന്നുന്നു. രവി ബിഷ്ണോയിയുടെ നാലാം ഓവർ എറിയേണ്ടതായിരുന്നു. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ, മൂന്ന് ഓവറിൽ കാര്യമായി റൺസ് പോലും വഴങ്ങാത്ത ഒരാളായിരുന്നു അദ്ദേഹം. ആ ഓവർ അദ്ദേഹത്തിന് നൽകിയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു. പന്തിന്റെ തന്ത്രം പിഴച്ചുവെന്ന് ഞാൻ കരുതുന്നു. ചോപ്ര പറഞ്ഞത് ഇങ്ങനെ.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയത്തിലേക്കുള്ള തിരിച്ചുവരവ് ആയിരുന്നു ഈ മത്സരം. ലഖ്നൗ സൂപ്പർ ജയന്റ്സിനെ അഞ്ചുവിക്കറ്റിന് ആണ് ചെന്നൈ തോൽപ്പിച്ചത്. ലഖ്നൗ ഉയർത്തിയ 166 റൺസ് 19 .1 ഓവറിൽ ആണ് ചെന്നൈ മറികടന്നത്. ചെന്നൈയ്ക്ക് വേണ്ടി ശിവം ദുബെ 42 റൺസും രചിൻ രവീന്ദ്ര 37 റൺസും നേടി. അവസാന ഓവറുകളിൽ മഹേന്ദ്ര സിങ് ധോണിയുടെ വെടിക്കെട്ടും നിർണായകമായി. 11 പന്തിൽ 25 റൺസാണ് നേടിയത്. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ഷെയ്ഖ് മുഹമ്മദ് 27 റൺസ് നേടി.
content highlights: Akash chopra blames rishab pant for the loss against csk