ഗാവസ്‌കർ വാക്കുപാലിച്ചു; കാംബ്ലിക്ക് ജീവിതകാലം മുഴുവൻ മാസം 30,000 രൂപ വീതം നൽകും

1999 ൽ ആരംഭിച്ച ഗവാസ്‌കറുടെ ഫൗണ്ടേഷൻ പ്രതിമാസം 30,000 രൂപ സഹായം നൽകുമെന്ന് അറിയിച്ചു.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വിനോദ് കാംബ്ലിയ്ക്ക് ആശ്വാസമായി ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്‌കർ. ദരിദ്രരായ മുൻ അന്താരാഷ്ട്ര കായികതാരങ്ങളെ സഹായിക്കുന്നതിനായി 1999 ൽ ആരംഭിച്ച ഗവാസ്‌കറുടെ ഫൗണ്ടേഷൻഏപ്രിൽ 1 മുതൽ കാംബ്ലിയുടെ ശേഷിച്ച ജീവിതകാലം മുഴുവൻ പ്രതിമാസം 30,000 രൂപ സഹായം നൽകുമെന്ന് അറിയിച്ചു.

ഈ വർഷം തുടക്കത്തിൽ ജനുവരി 11 ന് വാങ്കഡെ സ്റ്റേഡിയത്തിന്റെ 50-ാം വാർഷികാഘോഷ വേളയിൽ ഗാവസ്‌കർ കാംബ്ലിയെ കണ്ടിരുന്നു. കാംബ്ലി വൈകാരികമായി ഗാവസ്കറുടെ കാലിൽ തൊടുകയും ചെയ്തിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം തിരിച്ചുവന്നായിരുന്നു ആ പരിപാടിയിൽ പങ്കെടുത്തിരുന്നത്.

വർഷങ്ങളായി വിവിധ ആരോഗ്യ പ്രശ്‍നങ്ങളിലാണ് വിനോദ് കാബ്ലിയുള്ളത്. ലഹരി ഉപയോഗവും വഴിവിട്ട ജീവിത ക്രമീകരണങ്ങളും താരത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചിരുന്നു. തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണെന്നും ഒരിക്കൽ കൂടി ലഹരിമുക്തി ചികിത്സക്ക് പോകാൻ താൻ താല്പര്യപ്പെടുന്നുവെന്നും പറഞ്ഞ് വിനോദ് കാബ്ലി ഈയിടെ രംഗത്തെത്തിയിരുന്നു.

ഓ​ഗസ്റ്റിലാണ് ഇന്ത്യൻ മുൻ താരവും സച്ചിൻ ടെണ്ടുൽക്കറിന്റെ സുഹൃത്തുമായ വിനോദ് കാംബ്ലി പരസഹായമില്ലാതെ നടക്കാൻ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമായത്. കാംബ്ലിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾ അന്ന് തന്നെ ഉയർന്നിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു പൊതുവേദിയിൽ സച്ചിൻ തെണ്ടുൽക്കറിനൊപ്പവും കാംബ്ലിയെ കണ്ടിരുന്നു. ഇതോടെയാണ് കാംബ്ലി വാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയത്.

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരങ്ങളായാണ് സച്ചിനെയും കാംബ്ലിയെയും കണ്ടിരുന്നത്. കരിയറിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി സെഞ്ച്വറി നേടിയിരുന്നു കാംബ്ലി. പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങളെ തുടർന്നാണ് താരം ഇന്ത്യൻ ടീമിനു പുറത്താകുന്നത്. ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളിലും 104 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള കാംബ്ലിയുടെ ക്രിക്കറ്റ് കരിയറിന് 2004ൽ അവസാനമായി.

Content Highlights: Thanks To Sunil Gavaskar foundation will give Vinod Kambli monthly 30 k

To advertise here,contact us