ഐപിഎല്ലിൽ താരങ്ങളുടെ ബാറ്റ് പരിശോധന തുടരുന്നു. ഇന്നലെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ കൊല്ക്കത്ത താരങ്ങളുടെ ബാറ്റ് പരിശോധിച്ച് അംപയർമാർ. അതിൽ രണ്ടുപേരുടെ ബാറ്റ് മാറ്റാൻ നിർദേശിക്കുകയും ചെയ്തു.
കൊൽക്കത്തയുടെ ഓപ്പണറായി ഇറങ്ങിയ സുനില് നരെയ്നിന്റെ ബാറ്റാണ് ഭാരക്കൂടുതൽ കാരണം പറഞ്ഞ് തിരിച്ചയച്ചത്. നീളക്കൂടുതൽ പറഞ്ഞ് മറ്റൊരു കൊൽക്കത്ത താരമായ ആന്റിച്ച് നോര്ക്യയുടെ ബാറ്റും തിരിച്ചയച്ചു. കൊല്ക്കത്ത ബാറ്റിങിനിടെ ക്രീസിലെത്തിയപ്പോള് അംഗ്രിഷ് രഘുവംശിയുടെ ബാറ്റും പരിശോധിച്ചിരുന്നു.
ഇതിന് മുമ്പ് നടന്ന മത്സരങ്ങളിലും ബാറ്റ് പരിശോധന നടന്നിരുന്നു രാജസ്ഥാൻ റോയൽസ് – ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് മത്സരത്തിനിടെ രാജസ്ഥാന്റെ വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ, ബെംഗളൂരുവിന്റെ ഇംഗ്ലിഷ് താരം ഫിൽ സോൾട്ട് എന്നിവരെ തടഞ്ഞുനിർത്തിയ അംപയർമാർ പ്രത്യേക ബാറ്റ് പരിശോധന നടത്തിയിരുന്നു.
ഐപിഎൽ ചട്ടപ്രകാരമുള്ള അളവുകൾക്കുള്ളിൽ നിൽക്കുന്ന ബാറ്റാണോ ഉപയോഗിക്കുന്നത് എന്നായിരുന്നു പരിശോധന. ഐപിഎൽ നിയമത്തിലെ 5.7 വകുപ്പു പ്രകാരം ബാറ്റിന്റെ നീളം ഹാൻഡിൽ ഉൾപ്പെടെ 38 ഇഞ്ചിൽ കൂടാൻ പാടില്ല. 1.1 മുതൽ 1.4 കിലോഗ്രാമാണ് അനുവദിച്ചിരിക്കുന്ന ഭാരം.
content highlights:Umpire tells Kolkata players to change bats during IPL match