പരാഗിന് മാത്രം എന്താണിത്ര പ്രത്യേകത?; താരത്തിന് അമിത പിന്തുണ നൽകുന്നതിൽ വിമർശനവുമായി RR ആരാധകർ

യുവ ബാറ്റർ റിയാൻ പരാഗിൽ അമിത വിശ്വാസം പുലർത്തുന്നതിനെ ചിലർ സോഷ്യൽ മീഡിയയിൽ വിമർശിച്ചു

ഡൽഹി ക്യാപിറ്റൽസിനെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ശേഷം ടീം മാനേജ്‌മെന്റിന്റെയും പരിശീലകന്റെയും തന്ത്രങ്ങളിൽ വിമർശനവുമായി രാജസ്ഥാൻ റോയൽസ് ആരാധകർ. യുവ ബാറ്റർ റിയാൻ പരാഗിൽ അമിത വിശ്വാസം പുലർത്തുന്നതിനെ ചിലർ സോഷ്യൽ മീഡിയയിൽ വിമർശിച്ചു.

ഇന്നലെ 23 കാരനായ പരാഗ് ആദ്യം 11 പന്തിൽ എട്ടു റൺസാണ് നേടിയത്. ശേഷം മത്സരത്തിൽ നന്നായി കളിച്ചിരുന്ന നിതീഷ് റാണയെയും ജയ്‌സ്വാളിനെയും ഇറക്കാതെ സൂപ്പർ ഓവറിൽ പരാഗിനെ ഇറക്കി. താരം രണ്ട് പന്തിൽ നാല് റൺസ് നേടി പുറത്തായി. ഇതോടെ ഡൽഹി അനായാസം ലക്ഷ്യം മറികടന്നു.

സീസണിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് 28.83 ശരാശരിയിലും 147.86 സ്ട്രൈക്ക് റേറ്റിലും പരാഗ് 173 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. ഈ സീസണിന്റെ തുടക്കത്തിൽ സഞ്ജു സാംസൺ പൂർണ്ണ ആരോഗ്യവാനല്ലാത്തതിനാൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ടീമിന്റെ നേതൃത്വ ചുമതലയും അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നു. അതിനാൽ, ടീം മാനേജ്‌മെന്റിൽ നിന്ന് ഒരു യുവതാരത്തിന് ആവശ്യമായ എല്ലാ പിന്തുണയും പരാഗിന് ഉണ്ട്, പക്ഷേ അവരുടെ വിശ്വാസം തിരികെ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല, ഇത് രാജസ്ഥാൻ റോയൽസിന്റെ ആരാധകരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

അതേസമയം ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളുമായി നാല് പോയിന്റുമായി രാജസ്ഥാൻ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ അടുത്ത മത്സരങ്ങളിൽ ഒരു തിരിച്ചുവരവ് നിർബന്ധമാണ്.

Content Highlights:over trust in Riyan Parag? Fans slam RR for continuous supoort

To advertise here,contact us