ദക്ഷിണാഫ്രിക്കയുടെ യുവ ബാറ്റർ ഡെവാൾഡ് ബ്രെവിസിനെ ടീമിലെടുത്ത് ചെന്നൈ സൂപ്പർ കിംഗ്സ്. പരിക്കേറ്റ് പുറത്തായ പേസർ ഗുർജപ്നീത് സിങ്ങിന് പകരക്കാരനായാണ് ബ്രെവിസിനെ കൊണ്ടുവന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി ഇതുവരെ രണ്ട് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഇതിഹാസ താരം എബി ഡിവില്ലിയേഴ്സുമായി താരതമ്യം നടത്തപ്പെടുന്ന താരമാണ് ബ്രെവിസ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി ആകെ 10 മത്സരങ്ങൾ കളിച്ച അദ്ദേഹം എംഎൽസിയിലും എസ്എ20യിലും കളിച്ചിട്ടുണ്ട്.
21 വയസ്സുള്ള താരം ഇതിനകം 81 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 145 ന് അടുത്ത് സ്ട്രൈക്ക് റേറ്റ് ഉണ്ട്. ആഭ്യന്തര ടീമായ ടൈറ്റൻസിന് വേണ്ടി മികച്ച ഫോം നേടിയതിന്റെ അടിസ്ഥാനത്തിലാണ് ഐപിഎല്ലിലേക്ക് വരുന്നത്. ലിസ്റ്റ് എ മത്സരങ്ങളിലും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
ഈ വർഷം ആദ്യം എസ്എ20 യിലും അദ്ദേഹം മികച്ച ഫോമിലായിരുന്നു. ടൂർണമെന്റിലെ മികച്ച 10 റൺവേട്ടക്കാരിൽ ബ്രെവിസ് 184.17 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റ് നേടി.ഈ സീസണിൽ സിഎസ്കെയുടെ പകരക്കാരനായി വരുന്ന രണ്ടാമത്തെ കളിക്കാരനാണ് ബ്രെവിസ്. സ്ഥിരം ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദിന് പകരക്കാരനായി മുംബൈയുടെ പ്രതിഭയായ ആയുഷ് മാത്രെയെ അവർ ഇതിനകം തന്നെ ഒപ്പുവെച്ചിട്ടുണ്ട്. ഏപ്രിൽ 20 ന് വാങ്കഡെയിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരെയാണ് സിഎസ്കെയുടെ അടുത്ത മത്സരം.
Content Highlights: Dewald Brevis joining CSK in ipl 2025