ഐപിഎല്ലിൽ കഴിഞ്ഞ ദിനം ഹൈദ്രാബാദിനെയും തോൽപിച്ചതോടെ ഏഴാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് മുൻ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഞ്ച് വിക്കറ്റിന് 162 റണ്സെടുത്തപ്പോള് മറുപടിക്കിറങ്ങിയ മുംബൈ 11 പന്തും നാല് വിക്കറ്റും ബാക്കിയാക്കിയാണ് ജയിച്ചത്.
മുംബൈയുടെ ജയത്തിന് പിന്നാലെ പക്ഷേ, അപ്രതീക്ഷിത ട്രോളുകളിൽ പെട്ട് വലയുകയാണ് മുൻ മുംബൈ താരവും ഇപ്പോഴത്തെ ഹൈദ്രാബാദ് വൺ ഡൗൺ ബാറ്ററുമായ ഇഷാന് കിഷന്. ഇത്തവണത്തെ താരലേലത്തിൽ മുംബൈ ഇന്ത്യന്സ് നിലനിര്ത്താതിരുന്ന വിക്കറ്റ് കീപ്പര് ബാറ്റ്സ്മാനാണ് ഇഷാന്. ഈ മത്സരത്തിന് മുന്നോടിയായുള്ള അഭിമുഖത്തിൽ മുംബൈയെ നേരിടാന് കാത്തിരിക്കുകയാണെന്നും മുംബൈയുടെ ശക്തമായ ബൗളിങ് നിരക്കെതിരേ വലിയ സ്കോര് നേടുകയെന്നത് സ്വപ്നമാണെന്നും ഇഷാൻ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിനം നിരാശപ്പെടുത്തിയതോടെയാണ് താരത്തിന് നേരെ ട്രോളുകളുമായി ആരാധകർ എത്തിയിരിക്കുന്നത്.
ആദ്യമത്സരത്തിലെ സെഞ്ച്വറി പ്രകടനത്തിനു ശേഷം പിന്നീടുള്ള മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തുകയായിരുന്നു ഇഷാൻ കിഷൻ. മൂന്നാം നമ്പറിലിറങ്ങിയ ഇഷാന് കഴിഞ്ഞ മത്സരത്തിൽ രണ്ട് റണ്സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. വില് ജാക്സിന്റെ പന്തില് വിക്കറ്റ് കീപ്പര് റിയാന് റിക്കല്റ്റന് സ്റ്റംപ് ചെയ്ത് ഇഷാനെ പുറത്താക്കുകയായിരുന്നു. ഇതോടെയാണ് ഇത്രയും നാള് മുംബൈയിലുണ്ടായിരുന്നിട്ടും മുംബൈയുടെ പോരാട്ടവീര്യം ഇഷാന് മനസിലായില്ലേ എന്ന ചോദ്യവും ട്രോളുകളുമായി ആരാധകർ എത്തിയിരിക്കുന്നത്. മുംബൈക്കെതിരേ വലിയ സ്കോര് നേടുമെന്ന് പ്രവചിച്ചിട്ട് എന്തായി എന്ന് ചോദിക്കുന്നവരുമുണ്ട്.
ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം 0, 2, 2, 17, 9*, 2 എന്നിങ്ങനെയാണ് ഇഷാന്റെ പിന്നീടുള്ള പ്രകടനങ്ങള്. എന്തായാലും ഇഷാനെ മുംബൈ കൈവിട്ടത് ഗുണമായെന്ന് ഈ സ്കോർ നിരക്ക് കാണിച്ച് ട്രോളുന്നവരുമുണ്ട്.
content highlights: ishan kishan gets trolled after srh loss