IPL 2025: ഔട്ടായി ​ക്രീസ് വിട്ട മുംബൈ താരം റിക്കെൽറ്റണെ തിരിച്ചുവിളിച്ചതിന്റെ കാരണം ഇതാണ്

മത്സരത്തിന്റെ ഏഴാമത്തെ ഓവറിലായിരുന്നു സംഭവം.

മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തില്‍ മുംബൈ ഓപണറായ റയാന്‍ റിക്കെല്‍റ്റണ്‍ ക്യാച്ച് നല്‍കി പുറത്തായിട്ടും തേഡ് അമ്പയര്‍ തിരിച്ചുവിളിച്ചത് കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. എസ്ആര്‍എച്ച് ബൗളര്‍ സീഷാന്‍ അന്‍സാരി ഓവര്‍ സ്‌റ്റെപ്പ് ചെയ്തിരുന്നില്ലെങ്കിലും നോ ബോള്‍ വിധിക്കുകയായിരുന്നു.

മത്സരത്തിന്റെ ഏഴാമത്തെ ഓവറിലായിരുന്നു സംഭവം. ഈ ഓവറിലെ അഞ്ചാമത്തെ പന്തിൽ അൻസാരിയുടെ പന്തിൽ പുറത്തായെന്ന് കരുതി റിക്കെല്‍റ്റണ്‍ മടങ്ങാനിരിക്കെയാണ് അംപയർ തിരികെ വിളിച്ചത്. ആ പന്തിൽ ബൗളിങ് സമയത്ത് വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്റെ കൈകള്‍ വിക്കറ്റിന് മുന്നിലേക്ക് എത്തിയെന്ന് വീഡിയോ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് ആ പന്ത് നോ ബോള്‍ ആയി കണക്കാക്കപ്പെട്ടത്. ഇതോടെ ഹൈദ്രാബാദ് ക്യാംപിൽ നിരാശ പടരുകയായിരുന്നു.

ക്രിക്കറ്റ് നിയമങ്ങൾ അനുസരിച്ച് റിക്കെൽറ്റൺ നോട്ട് ഔട്ടാവാനുള്ള കാരണങ്ങൾ ഇതാണ്: മത്സരത്തിന്റെ ഏഴാം ഓവറില്‍ സീഷാന്‍ അന്‍സാരിയുടെ പന്തില്‍ റിക്കെല്‍റ്റണ്‍ ഷോട്ട് പായിക്കുന്ന സമയത്ത് ഹെന്റിച്ച് ക്ലാസെന്റെ കീപ്പിങ് ഗ്ലാസ് സ്റ്റമ്പുകള്‍ക്ക് അല്‍പം മുന്നിലേക്ക് വരുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ പന്തിൽ കവറിൽ പാറ്റ് കമ്മിൻസ് പിടിച്ച് പുറത്താവുകയായിരുന്നു. ഗെയിം നിയമങ്ങള്‍ (27.1) അനുസരിച്ച് ബോള്‍ ചെയ്യുന്ന സമയത്ത് വിക്കറ്റ് കീപ്പര്‍ സ്റ്റമ്പിന് പിന്നില്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. പന്ത് ബാറ്റില്‍ തട്ടുകയോ ബാറ്ററെ കടന്നുവരികയോ ചെയ്തതിന് ശേഷമേ കീപ്പര്‍ക്ക് സ്റ്റമ്പിന് മുന്നിലേക്ക് വരാന്‍ അനുവാദമുള്ളൂ. ഇത് ലംഘിച്ചാല്‍ നോ ബോള്‍ ആയി കണക്കാക്കും. ഈ നിയമപ്രകാരമാണ് അംപയർ റിക്കെൽറ്റണെ തിരിച്ചുവിളിച്ചത്.

ആ സമയത്തേക്ക് അടുത്ത ബാറ്ററായ സൂര്യ ക്രീസിലെത്തിയിരുന്നു. ജീവൻ ലഭിച്ച റിക്കെൽറ്റൺ 23 പന്തിൽ 31 റൺസ് നേടിയാണ് പിന്നീട് ഹർഷൽ പട്ടേലിന്റെ പന്തിൽ മടങ്ങുന്നത്.

Content highlights: Why Ryan Rickelton Was Given Not-Out against mumbai indians?

To advertise here,contact us