സന്ദീപ് ശർമ വിശ്വസ്തനായിരുന്നു, പക്ഷേ, ആർക്കും ഒരു മോശം മത്സരമുണ്ടാകുമല്ലോ!: റിയാൻ പരാ​ഗ്

സന്ദീപ് ശർമയെറിഞ്ഞ അവസാനഓവറിൽ 27 റണ്‍സാണ് അബ്ദുൽസമദും സംഘവും അടിച്ചെടുത്തത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ വിജയമുറപ്പായിരുന്ന ഘട്ടത്തിലാണ് രണ്ടു റണ്‍സിന്റെ അവിശ്വസനീയ തോല്‍വി രാജസ്ഥാൻ വഴങ്ങിയത്. അവസാന മൂന്നോവറിലാണ് രാജസ്ഥാൻ തകർന്നത്. അവരുടെ പ്രധാന ഫിനിഷർമാരായ ഹെറ്റ്മെയറും ധ്രുവ് ജുറേലും ക്രീസിലുണ്ടായിരുന്നെങ്കിലും മത്സരം ഫിനിഷ് ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. ഇപ്പോൾ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തെത്തിയിരിക്കുകയാണ് അവരുടെ നായകനായ റിയാൻ പരാ​ഗ്.

'എവിടെയാണ് ഞങ്ങള്‍ക്കു തെറ്റു പറ്റിയതെന്ന കാര്യത്തില്‍ ഉറപ്പില്ല. തുടരെ ഈ കളിയിലും 18-19 ഓവറുകള്‍ വരെ ഞങ്ങള്‍ മല്‍സരത്തിലുണ്ടായിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഒരു മല്‍സരത്തിന്റെ 40 ഓവറുകളും ഒരുമിച്ച് ഒരേപോലെ കൊണ്ടു പോവാന്‍ സാധിച്ചെങ്കില്‍ മാത്രമേ നിങ്ങള്‍ക്കു ജയിക്കാന്‍ സാധിക്കുകയുള്ളൂ. ബൗളിങില്‍ ഞങ്ങള്‍ വളരെ നന്നായി പെര്‍ഫോം ചെയ്തു. പക്ഷെ അവസാനത്തെ ഓവര്‍ തീര്‍ച്ചയായും നിര്‍ഭാഗ്യകരമായിരുന്നു. സാൻഡി എപ്പോഴും വിശ്വസ്തനായിരുന്നു. ഇത് പക്ഷേ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു നിരാശപ്പെടുത്തുന്ന മത്സരമായിപ്പോയി. അവരെ 165- 170 റണ്‍സിനുള്ളില്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു കരുതിയത്. ഞങ്ങള്‍ അതു ചേസ് ചെയ്യേണ്ടതായിരുന്നു. ഈ മല്‍സരത്തിലെ പിച്ച് പെര്‍ഫെക്ടായിരുന്നു. വിക്കറ്റിനെക്കുറിച്ച് ഒരു പരാതിയുമില്ല. ഞങ്ങള്‍ കളിയുടെ ഭൂരിഭാഗവും മുന്നിലുണ്ടായിരുന്നു. പക്ഷെ കുറച്ചു ബോളുകള്‍ നിങ്ങള്‍ക്കു ഒരു ഐപിഎല്‍ ഗെയിം നഷ്ടപ്പെടുത്തിയേക്കും.' മത്സരശേഷം പരാ​ഗ് പറ‍ഞ്ഞതിങ്ങനെ.

മത്സരത്തിൽ ലഖ്നൗവിനെതിരെ 20ാമത്തെ ഓവറില്‍ സന്ദീപ് ശര്‍മയുടെ ദയനീയ ബൗളിങ് പ്രകടനമാണ് എല്‍എസ്ജിയെ 180 റണ്‍സെന്ന മാച്ച് വിന്നിങ് സ്‌കോറിലെത്തിച്ചത്. സന്ദീപ് ശർമയെറിഞ്ഞ അവസാനഓവറിൽ 27 റണ്‍സാണ് അബ്ദുൽസമദും സംഘവും അടിച്ചെടുത്തത്. ആറു ബോളില്‍ നാലും അബ്ദുള്‍ സമദ് സിക്‌സറുളിലേക്കു പറത്തുകയായിരുന്നു.

മറുപടിയിൽ രാജസ്ഥാന്‍ റോയല്‍സ് അനായാസം വിജയത്തിലേക്ക് നീങ്ങവേ, പേസ് ബോളർ ആവേശ് ഖാനാണ് മത്സരം ലഖ്നൗവിന് അനുകൂലമാക്കി മാറ്റിയത്. 18, 20 ഓവറുകള്‍ ബൗള്‍ ചെയ്ത ആവേശ് വെറും 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. അവസാന ഓവറിൽ ഫിനിഷർമാരായ ഹെറ്റ്മയറും ജുറേലുമുണ്ടായിട്ടും ആവേശ് മനോഹരമായി പന്തെറിഞ്ഞ് സ്കോർ പ്രതിരോധിക്കുകയായിരുന്നു.

content highlights: Riyan parag about sandeep sharma's last over

To advertise here,contact us