കഴിഞ്ഞ ദിനം അരങ്ങേറ്റ മല്സരത്തില് തന്നെ തീപ്പൊരി ഇന്നിങ്സ് കാഴ്ചവെച്ച 14 കാരനായ ഇടംകൈയന് ബാറ്റർ വൈഭവ് സൂര്യവംശി വാർത്തകളിൽ ഇടം നേടിയിരുന്നു. ജയ്സ്വാളിനൊപ്പം ഓപ്പണറായെത്തിയ ശേഷം നേരിട്ട ആദ്യപന്ത് തന്നെ സിക്സറടിച്ചാണ് വൈഭവ് തുടങ്ങിയത്. ശര്ദ്ദുല് താക്കൂര് എറിഞ്ഞ ആദ്യ ഓവറിലെ നാലാമത്തെ ബോളിലാണ് കവര് ഏരിയക്കു മുകളിലൂടെ വൈഭവ് ഈ ബോളിനെ സിക്റിലേക്കു പറഞ്ഞയച്ചത്. അതിന് ശേഷം പിന്നെയും രണ്ട് സിക്സറുകൾ കൂടി സൂര്യവംശി നേടുകയുണ്ടായി.
വെറും 20 പന്തിൽ 34 റണ്സ് അടിച്ചെടുത്താണ് താരം പുറത്തായത്. മൂന്നു സിക്സറുകളും രണ്ടു ഫോറുകളും വൈഭവിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. കഴിഞ്ഞ മത്സരം കളിക്കാനിറങ്ങിയതോടെ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും വൈഭവ് മാറിയിരുന്നു. 14 വയസ്സും 23 ദിവസവും മാത്രം പ്രായുള്ളപ്പോഴാണ് വൈഭവ് ഈ മല്സരത്തില് റോയല്സിനായി ഇറങ്ങിയത്. നേരത്തേ RCB യുടെ പ്രയാസ് ബര്മന്റെ പേരിലായിരുന്നു ഈ റെക്കോര്ഡ്. 2019ലെ ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേ റോയല് ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിക്കാനിറങ്ങിയപ്പോള് 16 വയസ്സും 157 ദിവസവുമായിരുന്നു.
രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് പകരക്കാരനായാണ് ഓപണിങ്ങിൽ വൈഭവ് എത്തിയത്. ഇതിനൊപ്പം വൈഭവ് സൂര്യവംശി ബാറ്റിങ്ങിനിറങ്ങിയത് നായകന് സഞ്ജു സാംസണിന്റെ ബാറ്റ് കൊണ്ടാണെന്നും റിപ്പോർട്ടുകളുണ്ട്. മല്സരത്തിനു മുമ്പാണ് എസ്എസ് ബ്രാന്ഡിലുള്ള തന്റെ ബാറ്റ് 14 കാരനു സഞ്ജു സമ്മാനിച്ചത് എന്ന തരത്തിലുള്ള വാർത്തകളും ഉണ്ട്. നേരത്തെ സഹ ഓപണർ യശസ്വി ജയ്സ്വാളിനും തുടക്കകാലത്ത് സഞ്ജു തന്റെ ബാറ്റ് നല്കി കൈയടി നേടിയിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേല ചരിത്രത്തിൽ വിറ്റഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വാർത്തകളിൽ ഇടം പിടിച്ച രാജസ്ഥാൻ റോയൽസ് താരമാണ് വൈഭവ് സൂര്യവംശി. ബിഹാറുകാരനായ 13 കാരൻ കൗരമാരക്കാരനെ ഒരു കോടി 10 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലം വിളിക്ക് ഒടുവിലാണ് രാജസ്ഥാൻ നേടിയെടുത്തത്.
ഇടം കയ്യൻ ബാറ്ററും ഇടം കയ്യൻ സ്പിന്നറുമാണ് വൈഭവ്. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ഇന്ത്യ അണ്ടർ 19 ടീമിൽ താരം കളിച്ചിരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ 58 പന്തുകൾ മാത്രം നേരിട്ടാണ് വൈഭവ് തന്റെ ആദ്യ അണ്ടർ 19 ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയത്. അണ്ടർ 19 ടെസ്റ്റ് ക്രിക്കറ്റിൽ വേഗത്തിലുള്ള സെഞ്ച്വറി നേട്ടവും ഇതോടെ വൈഭവിന്റെ പേരിലായി. ഇംഗ്ലണ്ട് മുൻ താരം മൊയീൻ അലി മാത്രമാണ് ഈ നേട്ടത്തിൽ വൈഭവിന് മുന്നിലുള്ളത്. 2005ൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനായി മൊയീൻ അലി 56 പന്തിൽ സെഞ്ച്വറി നേടിയിരുന്നു.
അതിന് മുമ്പ് 2024 ജനുവരിയിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറിയിരുന്നു. മുംബൈയ്ക്കെതിരെ ബിഹാർ താരമായി അരങ്ങേറ്റം കുറിക്കുമ്പോൾ വൈഭവിന്റെ പ്രായം 12 വയസും 284 ദിവസവും മാത്രമായിരുന്നു. അജിൻക്യ രഹാനെ, ധവാൽ കുൽക്കർണി, ശിവം ദുബെ തുടങ്ങിയ താരങ്ങൾ ഉൾപ്പെട്ട മുംബൈയ്ക്കെതിരെയായിരുന്നു വൈഭവിന്റെ അരങ്ങേറ്റം. 2023ലെ കുച്ച് ബിഹാർ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ നേടിയ 128 പന്തിൽ 151 റൺസാണ് വൈഭവിന്റെ മറ്റൊരു ബാറ്റിങ് വിസ്മയം.
'മറ്റ് താരങ്ങൾക്കില്ലാത്ത ചില പ്രത്യേക കഴിവുകൾ അവനുണ്ട്, അവന് വളരാനുള്ള നല്ലൊരു സാഹചര്യം റോയല്സിലുണ്ടാകുമെന്നാണ് ഞങ്ങള് കരുതുന്നത്. വൈഭവ് ഞങ്ങളുടെ ട്രയല്സിന് വന്നിരുന്നു. അവന്റെ പ്രകടനത്തില് ഞങ്ങള് തീർത്തും തൃപ്തനാണ്, ടീമിന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിനും അവൻ മികച്ച മുതല്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.' മുമ്പ് കോച്ച് ദ്രാവിഡ് വൈഭവിനെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു.
Content highlights: Vaibhav and sanju samson connection in his debut match