14-ാം വയസിലെ ഐപിഎൽ അരങ്ങേറ്റം; വൈഭവ് സ്വന്തമാക്കിയത് മൂന്ന് റെക്കോർഡുകൾ

14 വർഷവും 23 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് തന്റെ ഐപിഎൽ അരങ്ങേറ്റം കുറിക്കുന്നത്.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് 14കാരനായ വൈഭവ് സൂര്യവംശി. സ്വപ്നതുല്യമായ അരങ്ങേറ്റത്തിൽ തന്റെ ടീമിന് നിർണായക സംഭാവന നൽകാനും കൗമാരക്കാരനായ താരത്തിന് സാധിച്ചു. മൂന്ന് റെക്കോർഡുകളും ഇതിനിടെ വൈഭവ് സ്വന്തം പേരിലാക്കി.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനാണ് വൈഭവ്. 14 വർഷവും 23 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് തന്റെ ഐപിഎൽ അരങ്ങേറ്റം കുറിക്കുന്നത്. 2019ൽ 16 വർഷവും 157 ദിവസവും പ്രായമുള്ളപ്പോൽ ഐപിഎൽ അരങ്ങേറ്റം നടത്തിയ പ്രയാസ് റേ ബർമന്റെ റെക്കോർഡാണ് വൈഭവ് തിരുത്തിയെഴുതിയത്. റോയൽ ചലഞ്ചേഴ്സ് ബെം​ഗളരൂവിന് വേണ്ടിയാണ് പ്രയാസ് റേ ഐപിഎൽ കളിച്ചത്. എന്നാൽ ആദ്യ മത്സരത്തിൽ നാലോവറില്‍ 56 റണ്‍സ് വഴങ്ങിയ ബര്‍മന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. താരത്തിന് പിന്നീട് ഐപിഎല്ലിൽ അവസരങ്ങളും ലഭിച്ചിട്ടില്ല.

ഐപിഎല്ലിൽ സിക്സർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ എന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി. 17 വർഷവും 161 ദിവസവും പ്രായമുള്ളപ്പോൾ സിക്സർ നേടിയ റിയാൻ പ​രാ​ഗിന്റെ റെക്കോർഡ് പഴങ്കഥയായി. ഐപിഎല്ലിൽ ഫോർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവിന്റെ പേരിലായി. ആറ് വർഷത്തോളം ഈ റെക്കോർഡ് റോയൽ ചലഞ്ചേഴ്സ് മുൻ താരം പ്രയാസ് റേ ബർമാന്റെ പേരിലായിരുന്നു.

ഐപിഎൽ അരങ്ങേറ്റത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിനായി 20 പന്തുകൾ നേരിട്ട വൈഭവ് മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 26 റൺസെടുത്തിരുന്നു. എന്നാൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് രണ്ട് റൺസിന് പരാജയപ്പെട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ രാജസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസിലെത്താനെ സാധിച്ചുള്ളു.

Content Highlights: Vaibhav Suryavanshi Breaks 3 Records On His IPL Debut At 14

To advertise here,contact us