ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പിൽ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിൽ വിരാട് കോഹ്ലിയുടെ മുന്നേറ്റം. പഞ്ചാബ് കിങ്സിനെതിരെ 54 പന്തിൽ ഏഴ് ഫോറും ഒരു സിക്സറും സഹിതം പുറത്താകാതെ 73 റൺസെടുത്ത കോഹ്ലി സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതെത്തി. ഐപിഎൽ 2025ൽ എട്ട് ഇന്നിങ്സിൽ നിന്നായി നാല് അർധ സെഞ്ച്വറികൾ സഹിതം വിരാട് കോഹ്ലി 322 റൺസ് നേടിയിട്ടുണ്ട്. നിക്കോളാസ് പുരാനും സായി സുദർശനുമാണ് കോഹ്ലിക്ക് മുന്നിലുള്ളത്.
സീസണിൽ എട്ട് ഇന്നിങ്സുകളിൽ ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് താരം നിക്കോളാസ് പുരാൻ 368 റൺസ് നേടിയിട്ടുണ്ട്. ഏഴ് ഇന്നിങ്സുകളിൽ നിന്നായി 365 റൺസോടെ ഗുജറാത്ത് ടൈറ്റൻസ് ഓപണർ സായി സുദർശൻ തൊട്ടുപിന്നിലുണ്ട്. 315 റൺസ് നേടിയ ജോസ് ബട്ലർ, 307 റൺസ് നേടിയ യശസ്വി ജയ്സ്വാൾ എന്നിവരാണ് ഐപിഎൽ റൺവേട്ടയിൽ കോഹ്ലിക്ക് പിന്നിൽ നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.
മുമ്പ് രണ്ട് തവണയാണ് വിരാട് കോഹ്ലി ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ളത്. 2016ൽ 973 റൺസാണ് വിരാടിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഐപിഎല്ലിൽ ഒരു സീസണിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇതാണ്. കഴിഞ്ഞ സീസണിലാണ് വിരാട് കോഹ്ലി വീണ്ടും ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 741 റൺസ് കോഹ്ലി ടൂർണമെന്റിൽ നേടിയിരുന്നു.
Content Highlights: Virat Kohli became number third in most runs for IPL 2025