ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോഹ്ലി. കഴിഞ്ഞ ദിവസം മഹേന്ദ്ര സിങ് ധോണി പറഞ്ഞതുപോലെ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് സഹതാരത്തിന് നൽകണമായിരുന്നുവെന്നാണ് കോഹ്ലി പ്രതികരിച്ചത്.
'ഓരോ മത്സരവും വിജയിക്കുക എന്നതാണ് പ്രധാനം. ടീം രണ്ട് പോയിന്റ് സ്വന്തമാക്കണം. എനിക്ക് കൂടുതൽ വേഗത്തിൽ റൺസ് നേടാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇന്ന് ദേവ്ദത്ത് പടിക്കൽ കൂടുതൽ അപകടകാരിയായി. പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് അവന് നൽകേണ്ടതാണ്. എന്തുകൊണ്ടാണ് അവർ ഈ അവാർഡ് എനിക്ക് നൽകിയതെന്ന് അറിയില്ല. ഞാൻ ക്രീസിൽ നിലയുറപ്പിക്കാനും സ്കോറിങ് ചെയ്യാനുമാണ് ശ്രമിച്ചത്.' വിരാട് കോഹ്ലി വ്യക്തമാക്കി.
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ ഏഴ് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രിയാൻഷ് ആര്യ 15 പന്തിൽ പ്രിയാൻഷ് 22, പ്രഭ്സിമ്രാൻ സിങ് 17 പന്തിൽ പ്രഭ്സിമ്രാൻ 33, ജോഷ് ഇൻഗ്ലീഷ് 17 പന്തിൽ 29, ശശാങ്ക് സിങ് 33 പന്തിൽ പുറത്താകാതെ 31, മാർകോ ജാൻസൻ 20 പന്തിൽ പുറത്താകാതെ 25 എന്നിവരുടെ പ്രകടനമാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ആർസിബിക്കായി ക്രുനാൽ പാണ്ഡ്യ, സുയാഷ് ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ റോയൽ ചലഞ്ചേഴ്സ് അനായാസം വിജയത്തിലേക്ക് നീങ്ങി. ഒരു റൺസെടുത്ത ഫിൽ സോൾട്ടിന്റെ വിക്കറ്റ് ആർസിബിക്ക് നേരത്തെ നഷ്ടമായി. എന്നാൽ ദേവ്ദത്ത് പടിക്കലും വിരാട് കോഹ്ലിയും ചേർന്ന രണ്ടാം വിക്കറ്റിൽ 103 റൺസ് പിറന്നു. 54 പന്തിൽ ഏഴ് ഫോറും ഒരു സിക്സറും സഹിതം 73 റൺസുമായി കോഹ്ലി പുറത്താകാതെ നിന്നു. 35 പന്തിൽ അഞ്ച് ഫോറും നാല് സിക്സറും സഹിതം ദേവ്ദത്ത് പടിക്കൽ 61 റൺസെടുത്തു. രജത് പാട്ടിദാർ 12 റൺസും ജിതേഷ് ശർമ പുറത്താകാതെ 11 റൺസും സംഭാവന ചെയ്തു.
Content Highlights: Virat Kohli follows MS Dhoni, says teammate deserved Player of Match