'മികച്ച തുടക്കം മുതലാക്കാൻ പഞ്ചാബിന് കഴിഞ്ഞില്ല, കോഹ്‍ലിക്കും സഹതാരങ്ങൾക്കും അഭിനന്ദനങ്ങൾ': ശ്രേയസ് അയ്യർ

'പഞ്ചാബിന് ഇനി ആറ് ദിവസത്തെ ഇടവേളയുണ്ട്. ആവശ്യമായ വിശ്രമം എല്ലാ താരങ്ങൾക്കും ലഭിക്കും'

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. മത്സരത്തിനിടെയുണ്ടായ ശാരീരിക അസ്വസ്ഥതയെകുറിച്ചാണ് ശ്രേയസ് ആദ്യ ചോദ്യം നേരിട്ടത്. തനിക്ക് ഇപ്പോൾ കുഴപ്പമില്ലെന്നായിരുന്നു പഞ്ചാബ് നായകന്റെ മറുപടി. ചെറിയൊരു ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായത്. ഈ മത്സരം കഴിഞ്ഞാൽ അത് ശരിയാകുമെന്നും ശ്രേയസ് ഈ ചോദ്യത്തിൽ മറുപടി നൽകി.

'മികച്ച തുടക്കം മുതലാക്കാൻ കഴിയാതിരുന്നതാണ് ആർസിബിക്കെതിരെ പരാജയത്തിന് കാരണമെന്ന് ശ്രേയസ് പ്രതികരിച്ചു. മിക്ക ബാറ്റർമാരും ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നു. പഞ്ചാബിന് ലഭിക്കുന്ന മികച്ച തുടക്കങ്ങൾ മുതലാക്കാൻ കഴിയുന്നില്ല. പിച്ച് കൂടുതൽ സ്ലോ ആയി. വേ​ഗത്തിൽ റൺസ് കണ്ടെത്താൻ പഞ്ചാബിന് കഴിഞ്ഞില്ല.' ശ്രേയസ് മത്സരശേഷം പ്രതികരിച്ചു.

'വിരാട് കോഹ്‍ലിക്കും സഹതാരങ്ങൾക്കും അഭിനന്ദനങ്ങൾ. പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കുന്നതിനെക്കുറിച്ച് പഞ്ചാബ് താരങ്ങൾ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അതിന് കഴിയുന്ന ബാറ്റർമാർ മുന്നോട്ട് വരേണ്ടതുണ്ട്. വെല്ലുവിളികൾ ധൈര്യപൂർവ്വം ഏറ്റെടുക്കണം. പഞ്ചാബിന് ഇനി ആറ് ദിവസത്തെ ഇടവേളയുണ്ട്. ആവശ്യമായ വിശ്രമം എല്ലാ താരങ്ങൾക്കും ലഭിക്കും.' ആ സമയത്ത് പുതിയൊരു പ്ലാൻ നിർമിക്കും. ശ്രേയസ് വ്യക്തമാക്കി.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ ഏഴ് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ലക്ഷ്യത്തിലെത്തി.

Content Highlights: We are not able to capitalise on the starts we are getting: Shreyas Iyer

To advertise here,contact us