ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ വിജയം. 39 റൺസിനാണ് ഗുജറാത്ത് വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ റൺസിലെത്താനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സാധിച്ചുള്ളു.
മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ വിക്കറ്റിൽ ഗില്ലും സുദർശനും ഗുജറാത്തിനായി മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 114 റൺസ് പിറന്നു. 36 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം സായി 52 റൺസെടുത്ത് പുറത്തായി. 55 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതം ഗിൽ നേടിയത് 90 റൺസാണ്. മൂന്നാമതായി ക്രീസിലെത്തിയ ജോസ് ബട്ലർ 23 പന്തിൽ പുറത്താകാതെ 41 റൺസെടുത്തു. എട്ട് ഫോറുകളാണ് ബട്ലറിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
മറുപടിയിൽ വിജയലക്ഷ്യത്തിലേക്ക് പോന്ന ബാറ്റിങ്ങായിരുന്നില്ല കൊൽക്കത്തയുടെ ബാറ്റർമാരുടെ ഭാഗത്ത് നിന്നുണ്ടായത്. 36 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും സഹിതം ക്യാപ്റ്റൻ അജിൻക്യ രഹാനെ 50 റൺസെടുത്തു. എന്നാൽ മറ്റ് ബാറ്റർമാരുടെ സംഭാവനകൾ വലിയ ഇന്നിങ്സിലേക്ക് നീങ്ങിയില്ല. പുറത്താകാതെ 27 റൺസെടുത്ത ആൻഗ്രീഷ് രഘുവംശിയാണ് കൊൽക്കത്ത നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോർ നേടിയത്. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: GT beat KKR at Eden Gardens by 39 runs