ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയെ പ്രകീർത്തിച്ച് ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. 'ചെന്നൈയ്ക്കെതിരായ മത്സരത്തിൽ വലിയ സ്കോറുകൾ വരുമെന്ന് അറിയാമായിരുന്നു. രോഹിത് ശർമയും സൂര്യകുമാർ യാദവും ബാറ്റ് ചെയ്ത രീതി ടീമിന് മൊത്തത്തിൽ ആത്മവിശ്വാസം നൽകി. രോഹിത് ശർമയുടെ ഫോമിനെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ല. രോഹിത് ഫോമിലാകുമ്പോൾ എതിരാളികൾക്ക് പിന്നെ മത്സരത്തിൽ യാതൊരു പ്രതീക്ഷയും വേണ്ടതില്ല. സൂര്യകുമാറും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള പാർട്ണർഷിപ്പാണ് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കിയത്.' മത്സരശേഷം ഹാർദിക് പാണ്ഡ്യ പ്രതികരിച്ചു.
'ലളിത പദ്ധതികളാണ് മുംബൈ ഇന്ത്യൻസിന്റെ തന്ത്രം. മുംബൈ ഇന്ത്യൻസിന്റെ ഫാസ്റ്റ് ബൗളർമാർ കുറച്ച് അധികം റൺസ് വഴങ്ങി. എന്നാൽ ചെന്നൈ നേടിയ 175-180 റൺസ് ശരാശരിയിൽ താഴെയായിരുന്നു. ഒരു വിജയം സാധ്യമായിരുന്നുവെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതിനായി ബാറ്റ് ചെയ്യുക എന്നതായിരുന്നു രണ്ടാം ഇന്നിങ്സിൽ ബാക്കിയുണ്ടായിരുന്ന കാര്യം.' ഹാർദിക് വ്യക്തമാക്കി.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ അഞ്ചിന് 176 എന്ന സ്കോർ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് ലക്ഷ്യത്തിലെത്തി.
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ശിവം ദുബെയുടെയും രവീന്ദ്ര ജഡേജയുടെയും അർധ സെഞ്ച്വറി മികവിൽ ചെന്നൈ 20 ഓവറിൽ അഞ്ചിന് 176 എന്ന സ്കോർ സ്വന്തമാക്കി. ദുബെയുടെ 32 പന്തില് 50 റൺസും രവീന്ദ്ര ജഡേജ 35 പന്തില് പുറത്താകാതെ 53 റൺസും നേടി. അരങ്ങേറ്റക്കാരനായ ആയുഷ് മാത്രെ 15 പന്തില് 32 റൺസുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജസ്പ്രിത് ബുംമ്ര മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ ചെന്നൈയ്ക്ക് കഴിഞ്ഞില്ല. ആദ്യ വിക്കറ്റിൽ 63 റൺസ് പിറന്നു. 19 പന്തിൽ 24 റൺസെടുത്ത റയാൻ റിക്ലത്തോണിന്റെ വിക്കറ്റാണ് മുംബൈയ്ക്ക് ആകെ നഷ്ടമായത്. രോഹിത് ശർമ 45 പന്തിൽ നാല് ഫോറും ആറ് സിക്സറും സഹിതം 76 റൺസുമായി പുറത്താകാതെ നിന്നു. 30 പന്തിൽ ആറ് ഫോറും അഞ്ച് സിക്സറും സഹിതം പുറത്താകാതെ 68 റൺസെടുത്ത സൂര്യകുമാർ യാദവും മുംബൈ വിജയത്തിൽ നിർണായകമായി.
Content Highlights: Hardik Pandya Praises Hitman's 76-Run Knock Against CSK