ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി. 'ചെന്നൈ നേടിയ 176 എന്ന സ്കോർ ശരാശരിയിൽ വളരെ താഴെയായിരുന്നു. കാരണം രണ്ടാം പകുതിയിൽ മഞ്ഞ് വരുമെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു. മധ്യ ഓവറുകൾ ചെന്നൈയ്ക്ക് നന്നായി കളിക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത്ത് ബൗളർമാരിൽ ഒരാളാണ് ബുംമ്ര. മുംബൈ ഇന്ത്യൻസ് നേരത്തെ തന്നെ ഡെത്ത് ബൗളിങ് ആരംഭിച്ചു.അതിനൊപ്പം ചെന്നൈ നന്നായി സ്കോർ ചെയ്യണമായിരുന്നു. വലിയ ഷോട്ടുകൾ ആ സമയത്ത് വരണമായിരുന്നു. കുറച്ചുകൂടി റൺസ് നേടാൻ ചെന്നൈയ്ക്ക് കഴിയുമായിരുന്നു. കാരണം മഞ്ഞുള്ളപ്പോൾ 175 ഒരു ശരാശരി സ്കോർ പോലുമല്ല.' ധോണി മത്സരശേഷം പ്രതികരിച്ചു.
ഇത്തവണ പ്ലേ ഓഫിൽ എത്തിയില്ലെങ്കിലും അടുത്ത സീസണിൽ ചെന്നൈ ശക്തമായി തിരിച്ചുവരുമെന്നും ധോണി പ്രതീക്ഷ പ്രകടിപ്പിച്ചു. 'സീസണിലെ അവശേഷിച്ച മത്സരങ്ങൾ പ്രധാനമാണ്. അതെല്ലാം വിജയിക്കാൻ ശ്രമിക്കും. പരാജയങ്ങൾ ഉണ്ടായാൽ പ്ലേ ഓഫ് സാധ്യതകൾ മങ്ങും. അങ്ങനെയെങ്കിൽ അടുത്ത വർഷത്തേയ്ക്ക് മികച്ചയൊരു ടീമിനെ കളത്തിലെത്തിക്കാനാവും ശ്രമം.' ധോണി വ്യക്തമാക്കി.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ അഞ്ചിന് 176 എന്ന സ്കോർ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് ലക്ഷ്യത്തിലെത്തി.
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ശിവം ദുബെയുടെയും രവീന്ദ്ര ജഡേജയുടെയും അർധ സെഞ്ച്വറി മികവിൽ ചെന്നൈ 20 ഓവറിൽ അഞ്ചിന് 176 എന്ന സ്കോർ സ്വന്തമാക്കി. ദുബെയുടെ 32 പന്തില് 50 റൺസും രവീന്ദ്ര ജഡേജ 35 പന്തില് പുറത്താകാതെ 53 റൺസും നേടി. അരങ്ങേറ്റക്കാരനായ ആയുഷ് മാത്രെ 15 പന്തില് 32 റൺസുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജസ്പ്രിത് ബുംമ്ര മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ ചെന്നൈയ്ക്ക് കഴിഞ്ഞില്ല. ആദ്യ വിക്കറ്റിൽ 63 റൺസ് പിറന്നു. 19 പന്തിൽ 24 റൺസെടുത്ത റയാൻ റിക്ലത്തോണിന്റെ വിക്കറ്റാണ് മുംബൈയ്ക്ക് ആകെ നഷ്ടമായത്. രോഹിത് ശർമ 45 പന്തിൽ നാല് ഫോറും ആറ് സിക്സറും സഹിതം 76 റൺസുമായി പുറത്താകാതെ നിന്നു. 30 പന്തിൽ ആറ് ഫോറും അഞ്ച് സിക്സറും സഹിതം പുറത്താകാതെ 68 റൺസെടുത്ത സൂര്യകുമാർ യാദവും മുംബൈ വിജയത്തിൽ നിർണായകമായി.
Content Highlights: I think we were quite below par, because of dew around: MS Dhoni