ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ കൂടുതൽ റൺസെടുത്തവർക്കുള്ള ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത്. ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസിനെതിരെ 42 പന്തിൽ 70 റൺസാണ് കോഹ്ലി നേടിയത്. ഇതോടെ സീസണിൽ ഒമ്പത് ഇന്നിങ്സുകളിൽ നിന്നായി കോഹ്ലി ആകെ 392 റൺസെടുത്തിട്ടുണ്ട്. എട്ട് ഇന്നിങ്സുകളിൽ ബാറ്റ് ചെയ്ത് 417 റൺസെടുത്ത ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശൻ മാത്രമാണ് കോഹ്ലിക്ക് മുന്നിലുള്ളത്.
ഐപിഎൽ സീസൺ റൺവേട്ടക്കാരുടെ പട്ടികയിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം നിക്കോളാസ് പുരാൻ ആണ് മൂന്നാമത്. പുരാൻ എട്ട് മത്സരങ്ങളില് 377 റണ്സെടുത്തിട്ടുണ്ട്. നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് ഒമ്പത് ഇന്നിങ്സുകളിൽ നിന്നായി 373 റൺസ് നേടിയിട്ടുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസിന്റെ ജോസ് ബട്ലർ എട്ട് മത്സരങ്ങളിൽ നിന്ന് 356 റൺസെടുത്തിട്ടുണ്ട്.
അതിനിടെ ഐപിഎൽ വിക്കറ്റ് വേട്ടക്കാർക്കായുള്ള പർപിൾ ക്യാപ് നേട്ടത്തിനായി റോയൽ ചലഞ്ചേഴ്സ് താരം ജോസ് ഹേസൽവുഡ് പോരാട്ടം കടുപ്പിച്ചു. ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഹേസൽവുഡ് നാല് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇതോടെ ഒമ്പത് മത്സരങ്ങളിൽ നിന്നായി 16 വിക്കറ്റുകളാണ് ഹേസൽവുഡിന്റെ നേട്ടം.
സീസണിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണ ഒന്നാമത് തുടരുന്നു. ഐപിഎൽ സീസണിൽ എട്ട് മത്സരങ്ങൾ കളിച്ച പ്രസിദ്ധിന്റെ ആകെ വിക്കറ്റ് നേട്ടം 16 ആണ്. ഗുജറാത്ത് ടൈറ്റൻസിന്റെ സായി കിഷോറും ചെന്നൈ സൂപ്പർ കിങ്സിന്റെ നൂർ അഹമ്മദും ഡൽഹി ക്യാപിറ്റൽസിന്റെ കുൽദീപ് യാദവും എട്ട് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകളുമായി യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്.
Content Highlights: IPL 2025, Orange Cap, Purple Cap stats after RCBvsRR