ഐപിഎല്ലില് ഇത് ആദ്യ തോല്വിയല്ല. രണ്ടാമത്തേതുമല്ല. തുടര്ച്ചയായ മൂന്നാം മത്സരത്തിലാണ് രാജസ്ഥാന് റോയല്സ് പരാജയപ്പെടുന്നത്. ജയിക്കുവാന് എന്തെങ്കിലും സാധ്യതയുണ്ടെങ്കില് പിന്നെ തോല്വി ചോദിച്ചുവാങ്ങണം. അതാണ് റോയല്സ് സീസണില് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് കാരണമാകുന്നത് കോടികള് മുടക്കി രാജസ്ഥാന് സ്വന്തമാക്കിയ താരങ്ങളാണ്.
ഐപിഎല്ലില് റോയല് ചലഞ്ചേഴ്സിനെതിരായ മത്സരം. രാജസ്ഥാന് വിജയിക്കാന് വേണ്ടത് 206 റണ്സ്. യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും റിയാന് പരാഗുമെല്ലാം നന്നായി തിരിച്ചടിച്ചു. 13 ഓവര് പിന്നിടുമ്പോള് രാജസ്ഥാന് സ്കോര് മൂന്നിന് 134 എന്ന ശക്തമായ നിലയിലായിരുന്നു. അതായത് വിജയിക്കാന് വേണ്ടത് 48 പന്തില് 78 റണ്സ് മാത്രം. ഏതൊരു ടീമിനും സമ്മര്ദ്ദങ്ങളില്ലാതെ മറികടക്കാന് കഴിയുന്ന സ്കോര്. പക്ഷേ അവിടെ നിന്നും രാജസ്ഥാന് മത്സരം കൈവിടുകയാണ്.
മുന്മത്സരങ്ങളിലെ ഫിനിഷിങ്ങിലെ പോരായ്മ തന്നെയാണ് ഇത്തവണയും റോയല്സ് നിരയില് പ്രകടമായത്. മോശം പന്തുകളില് മാത്രമാണ് ധ്രുവ് ജുറേലിന് വലിയ ഹിറ്റുകള് സാധ്യമാകുന്നത്. ടീം തകരുമ്പോള് ഷിമ്രോണ് ഹെറ്റ്മയറിന് വലിയ പാര്ട്ണര്ഷിപ്പുകള് ഉണ്ടാക്കാന് സാധിക്കുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെ കണ്ടെത്തല് ശുഭം ദുബെ ബാറ്റിങ്ങില് മാത്രമല്ല ഫീല്ഡിങ്ങിലും പരാജയമാണ്.
ഡല്ഹിയോടും ലഖ്നൗവിനോടും അവസാന ആറ് പന്തില് ഒമ്പത് റണ്സെടുക്കാന് രാജസ്ഥാന് നിരയ്ക്ക് കഴിഞ്ഞില്ല. രണ്ടിടത്തും തോല്വിക്ക് കാരണമായത് ഹെറ്റ്മയര്-ജുറേല് സഖ്യം. ആര്സിബിക്കെതിരെ 12 പന്തില് 18 റണ്സെടുക്കാനും രാജസ്ഥാന് കഴിഞ്ഞില്ല. റണ്സ് വിട്ടുകൊടുക്കാന് സന്ദീപ് ശര്മയും തുഷാര് ദേശ്പാണ്ഡെയും മത്സരിക്കുന്നു. സന്ദീപിന് ചില നിര്ബന്ധങ്ങളുണ്ട്. അവസാന ഓവറുകളില് വൈഡുകള് ഉള്പ്പെടെ കുറഞ്ഞത് 10 പന്തുകള് എറിയണം. അതില് 15 റണ്സെങ്കിലും വിട്ടുകൊടുക്കണം.
മത്സരം കഴിഞ്ഞപ്പോള് റോയല്സ് നായകന് റിയാന് പരാഗ് പറഞ്ഞത് ഇങ്ങനെ. 220 റണ്സ് വരേണ്ട പിച്ചാണ് ബെംഗളൂരുവിലേത്. 205 റണ്സ് രാജസ്ഥാന് മറികടക്കാന് കഴിയുമായിരുന്നു. രണ്ടാം ഇന്നിങ്സ് പകുതി സമയം പിന്നിട്ടപ്പോള് രാജസ്ഥാന് വിജയപ്രതീക്ഷകളുണ്ടായിരുന്നു. ചെറിയ തെറ്റുകള് വലിയ തോല്വിക്ക് കാരണമാകുന്നു. ക്യാപ്റ്റന്റെ വാക്കുകളില് നിരാശ വ്യക്തമായിരുന്നു. സീസണില് ആദ്യമായി ചിന്നസ്വാമി സ്റ്റേഡിയത്തില് ആര്സിബി ജയിച്ചുകയറി. അതിനും രാജസ്ഥാന് വേണ്ടിവന്നു.
Content Highlights: RR defeated third straight match due to lack of finishing