'കഴിഞ്ഞ വർഷത്തെ RCBയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം, SRH തിരിച്ചുവരണം': ഡാനിയേൽ വെട്ടോറി

'മോശം തുടക്കത്തിന് ശേഷം കഴിഞ്ഞ വർഷം ആർസിബി തിരിച്ചുവന്നത് എല്ലാവരും ഓർക്കുന്നുണ്ടാകും'

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ അവസാന സാധ്യതകൾ തേടുന്ന സൺറൈസേഴ്സ് ഹൈദരാബാദിന് പ്രോത്സാഹനം നൽകി ടീം പരിശീലകൻ ഡാനിയേൽ വെട്ടോറി. 2024ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു തിരിച്ചുവന്നതുപോലെ ഇത്തവണ സൺറൈസേഴ്സ് ഹൈദരാബാദ് തിരിച്ചുവരവ് നടത്തണമെന്നാണ് ഡാനിയേൽ വെട്ടോറിയുടെ വാക്കുകള്‍.

'ഐപിഎൽ ഇത് 18-ാം സീസണാണ്. ഇതുപോലെ തോൽവികൾ ഏറ്റുവാങ്ങിയ നിരവധി ടീമുകളുണ്ട്. മോശം തുടക്കത്തിന് ശേഷം കഴിഞ്ഞ വർഷം ആർസിബി തിരിച്ചുവന്നത് എല്ലാവരും ഓർക്കുന്നുണ്ടാകും. അതുപോലെ ചില ടീമുകൾക്ക് തിരിച്ചുവരവിനും സാധിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് ആണ് മറ്റൊരു ഉദാഹരണം. പക്ഷേ, അതിനായി മികച്ച പ്രകടനം ഉണ്ടാകേണ്ടതുണ്ട്,' സൺറൈസേഴ്സ് ഏറെ മെച്ചപ്പെടാനുണ്ടെന്നും ഡാനിയേൽ വെട്ടോറി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഐപിഎൽ സീസണിൽ ഇതുവരെ എട്ട് മത്സരങ്ങൾ കളിച്ച സൺറൈസേഴ്സ് രണ്ടിൽ മാത്രമാണ് വിജയിച്ചത്. ഇനിയുള്ള ആറ് മത്സരങ്ങളും വിജയിച്ചാൽ മാത്രമെ സൺറൈസേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷകൾ ബാക്കിയുള്ളു. ഐപിഎൽ കഴിഞ്ഞ സീസണിൽ ആദ്യ എട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് റോയൽ ചലഞ്ചേഴ്സിന് വിജയിക്കാൻ സാധിച്ചത്. എന്നാൽ പിന്നീടുള്ള ആറ് മത്സരങ്ങളും വിജയിച്ച് റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫിലെത്തി. എന്നാൽ പ്ലേ ഓഫിൽ രാജസ്ഥാൻ റോയൽസിനോട് ആർസിബി പരാജയപ്പെടുകയായിരുന്നു.

Content Highlights: SRH taking inspiration from RCB's 2024 comeback to revive campaign: Daniel Vettori

To advertise here,contact us