ഐപിഎല് പതിനെട്ടാം സീസണിന്റെ പകുതിയോളം പിന്നിടുമ്പോൾ കൂടുതൽ വിക്കറ്റ് നേടിയവർക്കുള്ള പർപ്പിൾ ക്യാപിനും ഏറ്റവും കൂടുതൽ റൺസ് നേടിയവർക്കുള്ള ഓറഞ്ച് ക്യാപിനുമുള്ള പോരാട്ടം കനക്കുകയാണ്. പർപ്പിൾ ക്യാപ് പോരാട്ടത്തിൽ 16 വിക്കറ്റ് വീതം നേടിയ ഗുജറാത്ത് ടൈറ്റൻസിന്റെ പ്രസിദ്ധ് കൃഷ്ണയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ജോഷ് ഹേസല്വുഡും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ്.
ചെന്നൈ സൂപ്പര് കിംഗ്സിന്റെ അഫ്ഗാന് സ്പിന്നര് നൂര് അഹമ്മദ് 14 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുണ്ട്. സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഹർഷൽ പട്ടേൽ 13 വിക്കറ്റുമായി നാലാം സ്ഥാനത്തുണ്ട്. 12 വിക്കറ്റുകള് വീതം നേടിയ കുല്ദീപ് യാദവ്, സായ് കിഷോര്, മുഹമ്മദ് സിറാജ്, ക്രുനാല് പാണ്ഡ്യ, ഖലീല് അഹമ്മദ്, ഹാര്ദിക് പാണ്ഡ്യ, ഷാര്ദുല് താക്കൂര് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
റൺവേട്ടക്കാരുടെ ഓറഞ്ച് ക്യാപ് പട്ടികയിൽ ഗുജറാത്തിന്റെ സായ് സുദര്ശന് ഒന്നാമത് തുടരുന്നു. എട്ട് മത്സരങ്ങളില് 417 റണ്സാണ് സായ് നേടിയത്. 52.12 ശരാശരിയുണ്ട് സായിക്ക്. സ്ട്രൈക്ക് റേറ്റ് 152.19. കടുത്ത വെല്ലുവിളിയായി റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തുണ്ട്.
9 മത്സരങ്ങളില് നിന്ന് 65.33 ശരാശരിയില് 392 റണ്സുമായി രണ്ടാം സ്ഥാനത്ത്. 9 മത്സരങ്ങളില് നിന്ന് 47.12 ശരാശരിയില് 377 റണ്സ് നേടിയ ലഖ്നൗ സൂപ്പര് ജയന്റ്സ് താരം നിക്കോളാസ് പൂരാനാണ് കോലിയ്ക്ക് പിന്നില് മൂന്നാമത്. മുംബൈ ഇന്ത്യന്സിന്റെ സൂര്യകുമാര് യാദവ് 9 മത്സരങ്ങളില് നിന്ന് 62.16 ശരാശരിയില് 377 റണ്സുമായി നാലാം സ്ഥാനത്തുണ്ട്. 8 മത്സരങ്ങളില് നിന്ന് 71.20 ശരാശരിയില് 356 റണ്സ് നേടിയ ഗുജറാത്ത് ടൈറ്റന്സിന്റെ ജോസ് ബട്ലര് അഞ്ചാം സ്ഥാനത്തുണ്ട്.
Content Highlights: IPL Purple Cap and Orange Cap battle intensifies; Here are the top five