ഐപിഎൽ ആവേശത്തിന് തിരിച്ചടിയായി കനത്ത മഴ; KKR-PBKS മത്സരം നിർത്തിവെച്ചു

ഏകദേശം രാത്രി 10:45 ന് കളി പുനരാരംഭിച്ചില്ലെങ്കിൽ മത്സരത്തിലെ ഓവറുകൾ കുറയ്ക്കാൻ തുടങ്ങും

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - പഞ്ചാബ് കിങ്സ് മത്സരത്തിൽ വില്ലനായി മഴ. പഞ്ചാബ് ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യവെയാണ് മത്സരം മഴ തടസപ്പെടുത്തിയത്. ഏകദേശം രാത്രി 10:45 ന് കളി പുനരാരംഭിച്ചില്ലെങ്കിൽ മത്സരത്തിലെ ഓവറുകൾ കുറയ്ക്കാൻ തുടങ്ങും എന്ന് കമന്റേറ്റർമാർ പ്രതികരിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റൺസെടുത്തിട്ടുണ്ട്.

പഞ്ചാബിനായി 49 പന്തിൽ ആറ് ഫോറും ആറ് സിക്സറും സഹിതം 83 റൺസെടുത്ത പ്രഭ്സിമ്രാൻ സിങ്ങാണ് ടോപ് സ്കോറർ. 35 പന്തിൽ എട്ട് ഫോറും നാല് സിക്സറും സഹിതം പ്രിയാൻഷ് ആര്യ 69 റൺസും നേടി. ഇരുവരും തമ്മിലുള്ള ഒന്നാം വിക്കറ്റിൽ 120 റൺസ് കൂട്ടിച്ചേർത്തു. 16 പന്തിൽ ഒരു ഫോറും ഒരു സിക്സറും സഹിതം 25 റൺസെടുത്ത ശ്രേയസ് അയ്യർ പുറത്താകാതെ നിന്നു.

കൊൽക്കത്ത ബൗളിങ് നിരയിൽ വൈഭവ് അറോറ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ നാല് റൺസും റഹ്മനുള്ള ​ഗുർബാസ് ഒരു റൺസുമെടുത്ത് ക്രീസിലുണ്ട്. കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ ഒരു ബൗണ്ടറി നേടി. പഞ്ചാബിനായി മാർകോ യാൻസൻ ആണ് ആദ്യ ഓവർ എറിഞ്ഞത്.

Content Highlights: KKRvsPBKS match halted due to heavy rain

To advertise here,contact us