സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോണി. ഒരേ സമയം ഒരുപാട് താരങ്ങൾ പരാജയപ്പെടുമ്പോൾ വിജയം കൂടുതൽ ദുഷ്കരമാകുന്നുവെന്ന് പറഞ്ഞ ധോണി സീസണിൽ ടീമിന് ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും സമ്മതിച്ചു. ടീമിൽ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരായി, ഒരുപരിധി വരെ അത് വിജയിച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല, വ്യക്തിപരമായും നിരാശ നൽകുന്ന പ്രകടനമായിരുന്നു, ധോണി കൂട്ടിച്ചേർത്തു.
മത്സരത്തിൽ മൂന്ന് മാറ്റങ്ങളാണ് ചെന്നൈ വരുത്തിയിരുന്നത്. ജാമി ഓവർട്ടണിന് പകരം സാം കറൻ, രച്ചിൻ രവീന്ദ്രയ്ക്ക് പകരം ഡെവാൾഡ് ബ്രെവിസ്, വിജയ് ശങ്കറിന് പകരം ദീപക് ഹൂഡ എന്നിവർ ടീമിലെത്തി. ഇതിനകം ടീമിലെ 25 കളിക്കാരിൽ 21 പേരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ള സിഎസ്കെ, ഒമ്പത് മത്സരങ്ങൾക്ക് ശേഷവും വിജയകരമായ ഒരു കോമ്പിനേഷൻ തിരയുകയാണ്. ഏഴ് തോൽവികളോടെ സിഎസ്കെ ഇപ്പോൾ ഐപിഎൽ 2025 ലെ പ്ലേ ഓഫ് മത്സരത്തിൽ നിന്ന് ഏതാണ്ട് പുറത്തായി.
അതേ സമയം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചു. ചെപ്പോക്കിലെ ഹൈദരാബാദിന്റെ ആദ്യ വിജയം കൂടിയാണ്. സീസണിലെ ഏഴാം തോൽവിയോടെ ചെന്നൈയുടെ പ്ളേ ഓഫ് സാധ്യതകൾ അവസാനിച്ചു. മൂന്നാം ജയത്തോടെ ഹൈദരാബാദ് പ്ളേ ഓഫിനുള്ള നേരിയ സാധ്യത നിലനിർത്തി. ചെന്നൈ ഉയർത്തിയ 20 ഓവറിൽ 154 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ബാക്കിനിൽക്കെ ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിന് വേണ്ടി ഇഷാൻ കിഷൻ 34 പന്തിൽ നിന്ന് 44 റൺസ് നേടി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയിൽ 25 പന്തില് 42 റണ്സെടുത്ത അരങ്ങേറ്റക്കാരന് ഡിവാള്ഡ് ബ്രേവിസായിരുന്നു ടോപ് സ്കോറര്. ആയുഷ് മാത്രെ 19 പന്തില് 30 റണ്സെടുത്തു. ഹൈദരാബാദിന് വേണ്ടി ഹർഷൽ പട്ടേൽ നാല് വിക്കറ്റ് നേടി. നാലോവറിൽ 28 റൺസ് മാത്രം വിട്ടുകൊടുത്താണ് ഈ നേട്ടം.
Content Highlights: MS dhoni on chennai super kings lose to srh yesterday