ഐപിഎല്ലിന്റെ പതിനെട്ടാം സീസൺ പകുതിയും പിന്നിടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി നിരവധി യുവതാരങ്ങളാണ് ഉയർന്നുവന്നത്. രാജസ്ഥാൻ റോയൽസിന്റെ 14കാരനായ അത്ഭുത ബാലൻ വൈഭവ് സൂര്യവംശി മുതൽ ഈ നിര നീണ്ടുപോകുന്നു. ഇവരില് പലരെയും ഇന്ത്യന് കുപ്പായത്തില് വൈകാതെ പ്രതീക്ഷിക്കുകയും ചെയ്യാം.
എന്നാലിതാ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വിരേന്ദർ സേവാഗിനെ ചൂണ്ടിക്കാട്ടിയിരിക്കുയാണ് മുന് സ്റ്റാര് ഓള്റൗണ്ടര് സുരേഷ് റെയ്ന. പലരും കരുതുന്ന പോലെ അത് വൈഭവ് സൂര്യവംശി അല്ലെന്നും തന്റെ മുന് ടീം കൂടിയായ ചെന്നൈ സൂപ്പര് കിങ്സിന്റെ കൗമാര ഓപ്പണറായ ആയുഷ് മാത്രെയാണെന്നും റെയ്ന പറഞ്ഞു. സണ്റൈസേഴ്സ് ഹൈദരാബാദുമായി കഴിഞ്ഞ ദിവസം നടന്ന മല്സരശേഷമാണ് 17 കാരനെ അദ്ദേഹം പ്രശംസിച്ചത്. കളിയില് ബാറ്റിങിനിടെ ആയുഷ് മാത്രെയുടെ കാലുകളും തലയുടെ പൊസിഷനുകളും വീരുവിനെ ഓർമിപ്പിച്ചുവെന്നും ഭയരഹിതമായാണ് കുട്ടി താരം കളിക്കുന്നതെന്നും റെയ്ന വ്യക്തമാക്കി.
സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര് കിങ്സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ ശേഷം ആയുഷ് മാത്രെ മികച്ച പ്രകടനം നടത്തിയിരുന്നു. 19 ബോളില് ആറു ഫോറുകളടക്കം 30 റണ്സ് അടിച്ചെടുത്താണ് മാത്രെ മടങ്ങിയത്. 157.89 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
പരിക്കു കാരണം സീസണിന്റെ മധ്യത്തോടെ പിന്മാറിയ ക്യാപ്റ്റന് റുതുരാജ് ഗെയ്ക്വാദിനു പകരാണ് മുംബൈയില് നിന്നുള്ള ബാറ്റിങ് സെന്സേഷനായ മാത്രെയെ ചെന്നൈ സൂപ്പര് കിങ്സ് ടീമിലുള്പ്പെടുത്തിയത്. മുംബൈ ഇന്ത്യന്സുമായുള്ള തൊട്ടുമുമ്പത്തെ കളിയിലൂടെ താരം ഐപിഎല്ലില് അരങ്ങേറുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിൽ താരം 15 പന്തിൽ 32 റൺസ് നേടിയിരുന്നു.
Content Highlights: not vaibhav suresh raina compares ayush mhatre to virender sehwag