ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിന്റെ പവർഹിറ്റ് ബാറ്റിങ്ങിനെ ഓർമിപ്പിച്ച് പഞ്ചാബ് കിങ്സ് ഓപണർ പ്രഭ്സിമ്രാൻ സിങ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നർ സുനിൽ നരെയ്നെ സ്വിച്ച് ഹിറ്റ് ചെയ്താണ് പ്രഭ്സിമ്രാൻ തന്റെ പവർഹിറ്റ് ബാറ്റിങ് പുറത്തെടുത്തത്. മത്സരത്തിൽ 49 പന്തിൽ ആറ് ഫോറും ആറ് സിക്സറും സഹിതം 83 റൺസെടുക്കാനും താരത്തിന് സാധിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിനായി തുടക്കത്തിൽ പതിഞ്ഞ താളത്തിലാണ് പ്രഭ്സിമ്രാൻ ബാറ്റ് ചെയ്തത്. ആദ്യ 32 പന്തിൽ 34 റൺസ് മാത്രമാണ് താരം നേടിയത്. പിന്നാലെ ഗിയർ മാറ്റിയ പ്രഭ്സിമ്രാൻ അടുത്ത 17 പന്തിൽ 49 റൺസെടുത്തു. ഇതിനിടെയാണ് കൊൽക്കത്തയുടെ സൂപ്പർ താരം സുനിൽ നരെയ്നെയും പ്രഭ്സിമ്രാൻ അതിർത്തി കടത്തിയത്.
11-ാം ഓവറിന്റെ ആദ്യ പന്തിൽ നരെയ്നെ സിക്സർ നേടിയത് പ്രിയാൻഷ് ആര്യയായിരുന്നു. രണ്ടാം പന്തിൽ പ്രിയാൻഷ് സിംഗിൾ എടുത്തതോടെ പ്രഭ്സിമ്രാൻ സ്ട്രൈക്കിൽ എത്തി. തൊട്ടടുത്ത പന്തിൽ നരെയ്നെ സ്വിച്ച് ഹിറ്റിലൂടെ പ്രഭ്സിമ്രാൻ നിലം തൊടാതെ അതിർത്തി കടത്തി. പ്രിയാൻഷ് ആര്യയ്ക്കൊപ്പം ആദ്യ വിക്കറ്റിൽ 120 റൺസെടുക്കാനും പ്രഭ്സിമ്രാന് സാധിച്ചു.
THE PRABHSIMRAN SINGH SWITCH HIT FOR SIX vs NARINE 🤯 pic.twitter.com/4UWCzp03YO
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. പ്രഭ്സിമ്രാനെ കൂടാതെ 69 റൺസെടുത്ത പ്രിയാൻഷ് ആര്യയും തിളങ്ങി. 16 പന്തിൽ ഒരു ഫോറും ഒരു സിക്സറും സഹിതം 25 റൺസെടുത്ത ശ്രേയസ് അയ്യർ പുറത്താകാതെ നിന്നു.
Content Highlights: Prabhsimran Singh's switch hit against Sunil Narine