'പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം'; BCCI യോട് സൗരവ് ഗാംഗുലി

'ഭീകരതയോട് ഒരു വിട്ടുവീഴ്ചയുടേയും ആവശ്യമില്ല'

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കാൻ ബിസിസിഐ ക്ക് നിർദേശം നൽകി ഇന്ത്യയുടെ ഇതിഹാസ താരം സൗരവ് ഗാംഗുലി. 'പാകിസ്താൻ ടീമുമായുള്ള സഹകരണം 100 ശതമാനവും നിർത്തലാക്കാനുള്ള സമയമായി. കടുത്ത നടപടികൾ എടുക്കണം. എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ നടക്കുന്നത് ഗൗരവമേറിയ കാര്യമാണ്. ഭീകരതയോട് ഒരു വിട്ടുവീഴ്ചയുടേയും ആവശ്യമില്ല. സൗരവ് ഗാംഗുലി വാർത്താ ഏജൻ‌സിയായ എഎൻഐയോടു പറഞ്ഞു.

2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വലിയ രീതിയിൽ വഷളായിരുന്നു. ഇതിന് ശേഷം ഇന്ത്യ-പാകിസ്താൻ ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരകൾ നടന്നിട്ടില്ല. ഐസിസിയുടെ ടൂര്‍ണമെന്‍റുകളിൽ മാത്രമാണ് നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നത്. ഈ ടൂർണമെന്റിലെ മത്സരങ്ങളിലും പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഈ അടുത്ത് പാകിസ്താൻ ആതിഥേയത്വം വഹിച്ച ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ദുബായിലാണ് കളിച്ചിരുന്നത്.

അതേസമയം 2026ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പാണ് ഇനി ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് പങ്കെടുക്കുന്ന പ്രധാന ഐസിസി ടൂര്‍ണമെന്‍റ്. ഈ വർഷത്തെ വനിതകളുടെ ഏകദിന ലോകകപ്പും ഇന്ത്യയിലാണ് നടക്കുന്നത്. വനിതാ ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. വനിതാ ലോകകപ്പും ശേഷം വരുന്ന പുരുഷ ടി 20 ലോകകപ്പിലും ഐസിസി എന്ത് നിലപാടാണ് എടുക്കുക എന്നാണ് കണ്ടറിയേണ്ടത്.

Content Highlights: Sourav Ganguly Asks India To Cut All Cricket Links With Pakistan

To advertise here,contact us