ലിസ്ബണ്: അര്ജന്റൈന് സൂപ്പര് താരം എയ്ഞ്ചല് ഡി മരിയയുടെ തകര്പ്പന് ഗോളില് പോര്ച്ചുഗീസ് സൂപ്പര് കപ്പ് നേടി ബെന്ഫിക്ക. വ്യാഴാഴ്ച നടന്ന ഫൈനലില് എഫ്സി പോര്ട്ടോക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്ക്കാണ് ബെന്ഫിക്കയുടെ വിജയം. ഡി മരിയയുടെ തകര്പ്പന് ഗോളാണ് ഈഗിള്സിന്റെ വിജയത്തിന് വഴി തുറന്നത്. ക്രൊയേഷ്യന് ഫോര്വേഡ് പീറ്റര് മൂസയും ബെന്ഫിക്കയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു.
ÁNGEL DI MARÍA WHAT A GOAL IN THE FINAL AGAINST PORTO!! 🏆 pic.twitter.com/naFMyULCRx
മത്സരത്തിന്റെ ആദ്യ പകുതിയില് ഇരുടീമുകളും ഗോളുകളടിച്ചില്ല. 61-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള് പിറന്നത്. പെനാല്റ്റി ഏരിയയുടെ അരികില് നിന്ന് പന്ത് സ്വീകരിച്ച ഡി മരിയ മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലാക്കി ബെന്ഫിക്കയെ മുന്നിലെത്തിച്ചു. ഏഴ് മിനിറ്റിന് ശേഷം റാഫ സില്വയുടെ അസിസ്റ്റില് പീറ്റര് മൂസ കൂടി ഗോള് നേടിയതോടെ ബെന്ഫിക്ക ആധികാരിക ജയം ഉറപ്പിച്ചു. 90-ാം മിനിറ്റില് പോര്ച്ചുഗീസ് സെന്റര് ബാക്ക് പെപ്പെക്ക് ചുവപ്പ് കാര്ഡ് ലഭിച്ചതിനെ തുടര്ന്ന് പത്ത് പേരുമായാണ് പോര്ട്ടോ മത്സരം അവസാനിപ്പിച്ചത്. ബെന്ഫിക്കയ്ക്ക് വേണ്ടി ക്യാപ്റ്റന് നിക്കോളാസ് ഒറ്റമെന്ഡി കിരീടം ഉയര്ത്തി. ഒന്പതാം തവണയാണ് ബെന്ഫിക്ക സൂപ്പര് കപ്പ് നേടുന്നത്.
The biggest big game player. Ángel Di María scores again. pic.twitter.com/ZpguynvFXq
ഫൈനലില് ഗോളടിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നത് തുടരുകയാണ് എയ്ഞ്ചല് ഡി മരിയ. ലോകകപ്പ് ഫൈനല് ഉള്പ്പടെ അര്ജന്റീനയ്ക്ക് വേണ്ടി തുടര്ച്ചയായ മൂന്ന് ഫൈനലുകളിലാണ് 35കാരന് ഗോള് കണ്ടെത്തിയത്. 2021ലെ കോപ്പ അമേരിക്ക ഫൈനലില് ചിരവൈരികളായ ബ്രസീലിനെ തോല്പ്പിച്ചാണ് അര്ജന്റീന കിരീടം സ്വന്തമാക്കിയത്. അന്നത്തെ മത്സരത്തില് എയ്ഞ്ചല് ഡി മരിയയുടെ ഏക ഗോളിലായിരുന്നു ആല്ബിസെലസ്റ്റുകളുടെ വിജയം. 2022ലെ ഫൈനലിസ്സിമ ഫൈനലില് അര്ജന്റീനയ്ക്ക് വേണ്ടി ഡി മരിയ വല കുലുക്കിയിരുന്നു. ഇറ്റലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് അര്ജന്റീന കിരീടമുയര്ത്തിയത്. ഖത്തര് ലോകകപ്പ് ഫൈനലിലും ഫ്രാന്സിനെതിരെ അര്ജന്റീന നേടിയ മൂന്ന് ഗോളുകളില് ഒന്ന് ഡി മരിയയുടേതായിരുന്നു.