ബ്യൂണസ് ഐറിസ്: ലയണല് മെസ്സിയുടെ ബലോന് ദ് ഓര് പുരസ്കാര നേട്ടത്തെ വിമര്ശിച്ച ജര്മ്മന് ഇതിഹാസം ലോതര് മത്തേവൂസിന് മറുപടിയുമായി അര്ജന്റൈന് താരം എയ്ഞ്ചല് ഡി മരിയ. ഒക്ടോബര് 30ന് നടന്ന ചടങ്ങില് ലയണല് മെസ്സി തന്റെ എട്ടാം ബലോന് ദ് ഓര് പുരസ്കാരം സ്വന്തമാക്കിയിരുന്നു. എന്നാല് മെസ്സി പുരസ്കാരത്തിന് അര്ഹനല്ലെന്നും മെസ്സിയ്ക്ക് പകരം ഫ്രാന്സ് ഫുട്ബോളിന്റെ ബഹുമതി ഹാലണ്ടിനാണ് ലഭിക്കേണ്ടിയിരുന്നതെന്നുമായിരുന്നു മത്തേവൂസ് പറഞ്ഞത്.
'ഈ വര്ഷം മുഴുവനും മെസ്സിയെക്കാള് മികച്ച പ്രകടനമാണ് ഹാലണ്ട് കാഴ്ചവെച്ചത്. ഈ അവാര്ഡിന് മെസ്സി അര്ഹനായിരുന്നില്ല. ലോകകപ്പാണ് മറ്റെന്തിനേക്കാളും വലുതെന്നാണ് ഇത് തെളിയിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഹാലണ്ടിനേക്കാള് മികച്ചതായി മറ്റാരുമുണ്ടായിരുന്നില്ല. കഴിഞ്ഞ 12 മാസങ്ങളിലെ താരങ്ങളുടെ പ്രകടനങ്ങളില് ഏറ്റവും മികച്ചത് അവനായിരുന്നു. മാഞ്ചസ്റ്റര് സിറ്റിയ്ക്കൊപ്പം ഹാലണ്ട് പ്രധാനപ്പെട്ട പല വിജയങ്ങളും നേടി. ഗോളുകളടിച്ച് റെക്കോര്ഡുകള് സൃഷ്ടിച്ചു. പക്ഷേ അതെല്ലാം വെറും പ്രഹസനമായിരുന്നു', മുന് ബലോന് ദ് ഓര് ജേതാവ് കൂടിയായ മത്തേവൂസ് പറഞ്ഞു.
😭 "A LLORAR a otro LADO".La reacción de DI MARÍA a las palabras de MATTHAÜS sobre el BALÓN DE ORO de Messi #ChiringuitoMessi. pic.twitter.com/lDpeNOEcbi
എന്നാല് മത്തേവൂസിന്റെ പ്രതികരണത്തോട് ഡി മരിയ മറുപടി നല്കി. 'മറ്റെവിടെയെങ്കിലും പോയി കരയൂ' എന്നായിരുന്നു മെസ്സിയുടെ ഉറ്റ സുഹൃത്തും കൂടിയായ ഡി മരിയയുടെ പരിഹാസം. ഡയറിയോ ഓലെ എന്ന ഇന്സ്റ്റഗ്രാം പേജിലെ പോസ്റ്റിന് താഴെയായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജിയോടൊപ്പം താരം ഇങ്ങനെയെഴുതിയത്. അര്ജന്റീനയുടെ ലോകകപ്പ് വിജയത്തില് നിര്ണായക പങ്കുവഹിച്ച താരമാണ് ബെനഫിക്ക വിങ്ങറായ ഡി മരിയ.