അന്താരാഷ്ട്ര ഫുട്ബോളിലെ150-ാം മത്സരത്തിൽ ഛേത്രിക്ക് ഗോൾ, അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ മുന്നിൽ

അഫ്ഗാനിസ്ഥാനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ മുപ്പത്തി ഏഴാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോൾ.

തന്റെ 150-ാം അന്താരാഷ്ട്ര മത്സരത്തിൽ ഗോൾ സ്കോർ ചെയ്ത് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. ഇതോടെ 150 കളിയിൽ നിന്ന് 94 ഗോൾ നേടിയിരിക്കുകയാണ് ഇന്ത്യന് നായകന്. അന്താരാഷ്ട്ര ഫുട്ബോളിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ ഗോൾ വേട്ടയിൽ മൂന്നാമതാണ് സുനിൽ ഛേത്രി. ക്രിസ്റ്റ്യാനോ റൊണാൾഡോ (128), ലയണൽ മെസ്സി (106) എന്നിവരാണ് ഛേത്രിക്കുമുന്നിലുള്ളത്. ഗുവാഹത്തിയിൽ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി താരത്തെ എഐഎഫ്എഫ് ആദരിച്ചിരുന്നു.

പാകിസ്ഥാനെതിരെ 2005 ലായിരുന്നു സുനിൽ ഛേത്രിയുടെ അരങ്ങേറ്റ മത്സരം. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടുകയും ചെയ്തു. ഇന്ത്യയുടെ അണ്ടർ 20 , 23 ടീമുകളുടെ ക്യാപ്റ്റനായിരുന്ന ഛേത്രി മോഹൻ ബഗാനിലൂടെയാണ് പ്രഫഷണൽ ഫുട്ബോളിലേക്ക് കടക്കുന്നത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്സിയുടെ താരമായ 39 കാരന്റെ കരിയറിൽ ഒരു ഐഎസ്എൽ കിരീടം, നാല് ഐ ലീഗ് കിരീടം, രണ്ട് ഫെഡറേഷൻ കപ്പ് , ഒരു ഡ്യൂറന്റ് കപ്പ്, എന്നിവ നേടി. ഇന്ത്യക്കായി നാല് സാഫ് ചാംപ്യൻഷിപ്പും മൂന്ന് നെഹ്റു കപ്പും രണ്ട് ഇന്റർ കോണ്ടിനെന്റൽ കപ്പും ഒരു ട്രൈ നേഷൻ കപ്പും ഒരു എഎഫ്സി കപ്പും നേടി കൊടുത്തു.

നിരവധി തവണ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്ലേയർ ഓഫ് ദി ഇയർ അയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ്, സൂപ്പർ കപ്പ് തുടങ്ങി ആഭ്യന്തര ടൂർണമെന്റുകളിൽ ഒന്നിലധികം തവണ പ്ലേയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. നാല് തവണ സാഫ് കപ്പിന്റെ പ്ലേയർ ഓഫ് ദി ടൂർണമെന്റും മൂന്ന് തവണ ടൂർണമെന്റ് ടോപ് സ്കോററുമായി.

To advertise here,contact us