മെസ്സി മാജിക്കില് മയാമി; നാഷ്വില്ലയെ വീഴ്ത്തി ലീഗില് ഒന്നാമത്

സെര്ജിയോ ബുസ്ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു

ഫ്ളോറിഡ: മേജര് ലീഗ് സോക്കറില് തകര്പ്പന് വിജയത്തോടെ ഇന്റര് മയാമി ഒന്നാമത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര് താരം ലയണല് മെസ്സി തിളങ്ങിയ മത്സരത്തില് സെര്ജിയോ ബുസ്ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Back-to-back victories 💪 #VamosMiami pic.twitter.com/u7nmSlWyhA

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില് തന്നെ ഇന്റര് മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്ഫ് ഗോള് വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില് മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില് നിന്നാണ് മെസ്സി ഗോള് കണ്ടെത്തിയത്.

39-ാം മിനിറ്റില് സെര്ജിയോ ബുസ്ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്ണര് കിക്കില് നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില് ലഭിച്ച പെനാല്റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില് നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന് മയാമിക്ക് കഴിഞ്ഞു.

To advertise here,contact us